സിയോള്‍: ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന അന്താരാഷ്ട്ര ക്ലൈംബിങ് മത്സരത്തില്‍ തട്ടമുപേക്ഷിച്ച് പങ്കെടുത്ത ഇറാനിയന്‍ കായികതാരം എല്‍നാസ് റെക്കാബിയെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍. ഇറാനില്‍ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് റെക്കാബി മത്സരത്തില്‍ തട്ടമുപേക്ഷിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 43 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇറാനിയന്‍ കായിക താരം ഹിജാബ് ഉപേക്ഷിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
മത്സരത്തിന് ശേഷം സിയോള്‍ വിട്ട റെക്കാബിയെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഞായറാഴ്ച മുതല്‍ അവളെ കാണാനില്ല, ഒരു തരത്തിലുള്ള വിവരങ്ങളും ലഭ്യമല്ല, സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം എല്‍നാസ് റെക്കാബിയുടെ പാസ്‌പോര്‍ട്ടും മൊബൈലും അധികൃതര്‍ കണ്ടുകെട്ടിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മത്സരത്തില്‍ നാലാമതായാണ് എല്‍നാസ് റെക്കാബി ഫിനിഷ് ചെയ്തത്. അതേസമയം എല്‍നാസ് റെക്കാബിയെ കാണാനില്ലെന്ന പ്രചരണം ദക്ഷിണ കൊറിയയിലെ ഇറാന്‍ എംബസി നിഷേധിച്ചു. എല്‍നാസ് റെക്കാബി, ടീമിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം 2022 ഒക്ടോബര്‍ 18 ന് അതിരാവിലെ സിയോളില്‍ നിന്ന് ഇറാനിലേക്ക് പുറപ്പെട്ടുവെന്ന് എംബസി ട്വീറ്റ് ചെയ്തു. ഹിജാബ് ധരിക്കാത്തതില്‍ അവര്‍ ഭരണകൂടത്തോട് മാപ്പ് പറഞ്ഞതായും വാര്‍ത്തകളുണ്ട്. ഹിജാബ് ധരിക്കാത്തത് യാദൃച്ഛികമായി സംഭവിച്ചുപോയതാണെന്ന് റെക്കാബിയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ റക്കാബിയുടേതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിബിസി പേര്‍ഷ്യന്‍ റിപ്പോര്‍ട്ടര്‍ റാണ റഹിംപൂര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഇന്നലെ രാവിലെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ റെക്കാബിയെ സ്വീകരിക്കുന്നു എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍നാസ് നായികയാണ് എന്ന് ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങള്‍ അതിലുണ്ട്.
ലോകമെങ്ങും റെക്കാബിയുടെ നടപടി വിവിധ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. അതേസമയം ഇറാനിയന്‍ മതഭരണ വ്യവസ്ഥയെ ലംഘിച്ച റെക്കാബിയുടെ ഭാവിയെക്കുറിച്ചും വലിയ ചര്‍ച്ച നടന്നിരുന്നു. ഇറാനിലെത്തിയാല്‍ റെക്കാബി വിചാരണ നേരിടേണ്ടി വരുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നും ആശങ്കകളുണ്ടായിരുന്നു.
Discussion about this post