സാക്രമെന്റോ(കാലിഫോര്‍ണിയ): പലായനം ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിതകള്‍ ലോകമെമ്പാടും ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് ആഹ്വാനം. നൂറ് കണക്കിന് ഇറാനിയന്‍ വനിതകള്‍ പാര്‍ക്കുന്ന അമേരിക്കയിലെ സാക്രമെന്റോയിലാണ് ഈ ആഹ്വാനം ഉയരുന്നത്. മഹ്‌സ അമിനിയുടെ വധം ഇറാനിലുയര്‍ത്തിയ പ്രക്ഷോഭം അതേ അളവില്‍ സാക്രമെന്റോയിലും അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. നാല് പതിറ്റാണ്ടായി ഇറാനിലെ മതാധിപത്യത്തിന്‍റെ പീഡനത്തിനിരയായി ആയിരക്കണക്കിനാളുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയത്. ജന്മനാട്ടിലേക്ക് തിരികെ മടങ്ങാന്‍ ഇതാണ് അവസാന അവസരമെന്ന മട്ടില്‍ ഈ പ്രക്ഷോഭം ഏറ്റെടുക്കണമെന്ന് സാക്രമെന്റോയില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന നൈറിക നീവ് ആവശ്യപ്പെട്ടു.
‘എന്‍റെ കുട്ടിക്കാലം ഇറാനിലായിരുന്നു. 10 വര്‍ഷം മുമ്പ് പലായനം ചെയ്തു, ഇപ്പോള്‍ സാക്രമെന്റോയില്‍ താമസിക്കുന്നു, ഹിജാബ് ഒരു അടിച്ചമര്‍ത്തലിന്‍റെ ഒരു അടയാളം മാത്രമാണ്. സ്ത്രീകള്‍ ഇറാനിലെ മതഭരണത്തിന്‍കീഴില്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത പീഡനമാണ്, നൈറിക നീവ് പറഞ്ഞു.
ഏതാണ്ട് എല്ലാ ഇറാനിയന്‍ സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു കാരണവുമില്ലാതെ ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കു പോലും പോലീസിന്‍റെ ശിക്ഷയ്ക്ക് വിധേയയാവുന്നതാണ് അവിടുത്തെ സാഹചര്യം. ഭരണകൂടം മാത്രമല്ല, മതം പറയുന്നു എന്ന് പറഞ്ഞ് പുരോഹിതന്മാരും അവരുടെ അന്ധവിശ്വാസികളായ അനുയായികളും നിന്ദ്യമായ പീഡനമാണ് നടത്തുന്നത്. തുല്യത അവര്‍ അംഗീകരിക്കുന്നേയില്ല. കോടതിയില്‍ പോലും അത് ലഭിക്കുന്നില്ല, ഇറാനിലെ ഭരണം തകര്‍ന്നേ മതിയാവൂ, 40 വര്‍ഷത്തിലേറെയായി യഥാര്‍ത്ഥ ഇറാന്‍ ജനത പ്രതിഷേധത്തിലായിരുന്നു. എന്നാല്‍ അത് നിശ്ശബ്ദമായിരുന്നു. ഒരു ദീര്‍ഘനിശ്വാസം പോലും പ്രതിഷേധസൂചകമായിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതിഷേധങ്ങകള്‍ക്ക് ശബ്ദം കൈവന്നിരിക്കുന്നു. നിശ്വാസമല്ല നിലവിളികളാണ് ഉയരുന്നത്. കൊല്ലപ്പെട്ടവളുടെ കുഴിമാടത്തില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് കൊട്ടാരങ്ങളെ തകര്‍ക്കാനുള്ള കരുത്തുണ്ട്. ഇപ്പോഴല്ലെങ്കില്‍ ഇനിയില്ല എന്ന ബോധ്യത്തില്‍ ലോകമെമ്പാടുമുള്ള ഇറാനിയന്‍ വനിതകള്‍ കൈകോകര്‍ക്കണം, നീവ് ആഹ്വാനം ചെയ്തു.
സാക്രമെന്റോയില്‍ പ്രക്ഷോഭം ഒരു മാസം പിന്നിടുകയാണ്. ലിംഗവിവേചനം തകരണം. അത് തകര്‍ക്കാനുള്ള കരുത്ത് ഇറാനിലെ യുവാക്കള്‍ക്കുണ്ട്. ഇറാനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് നിങ്ങള്‍. ലോകം നിങ്ങളെ കാണുന്നു. പ്രതീക്ഷയോടെ കാണുന്നു. ഇതാണ് ദൈവത്തിന്റെ നീതിയെന്ന് ഖൊമേനമാര്‍ കാണട്ടെ, നീവ് ആഹ്വാനം ചെയ്തു.
Discussion about this post