സോള്‍: ഉത്തരകൊറിയയുടെ പത്തോളം മിസൈലുകള്‍ ദക്ഷിണ കൊറിയന്‍ സമുദ്രത്തിന് സമീപം പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. ദക്ഷിണകൊറിയയ്‌ക്കെതിരായ മിസൈല്‍ ആക്രമണമായി ഇതിനെ കാണുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണം അസാധാരണവും അസ്വീകാര്യവുമാണ്. ദക്ഷിണ കൊറിയയുടെ സമുദ്രാതിര്‍ത്തിയിലാണ് അവ പതിച്ചത്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ കാങ് ഷിന്‍-ചുല്‍ പറഞ്ഞു.
ഒരു ബാലിസ്റ്റിക് മിസൈലാണ് ആദ്യം പതിച്ചത്. പിന്നാലെ വിവിധ തരത്തിലുള്ള 10 മിസൈലുകളെങ്കിലും ഉത്തര കൊറിയ തൊടുത്തുവിട്ടു. നേരത്തെ, മൂന്ന് ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നെന്നും അതിലൊന്ന് ദക്ഷിണ കൊറിയന്‍ സമുദ്ര അതിര്‍ത്തിക്ക് സമീപമായിരുന്നുവെന്നും യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസങ്ങള്‍ നിര്‍ത്തണമെന്ന് പ്യോങ്യാങ് ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിസൈല്‍ വിക്ഷേപിച്ചതെന്നത് ശ്രദ്ധേയമാണ്.
Discussion about this post