ടെഹ്‌റാന്‍: ഇറാനിലെ ഇസ്ലാമികഭരണത്തിനെതിരെ ഹിജാബുപേക്ഷിച്ച് പരസ്യ പ്രതിഷേധവുമായി ലോകപ്രശസ്ത ഇറാനിയന്‍ നടി തരാനെ അലി ദൂസ്തി. അഭിനയം തല്ക്കാലത്തേക്ക് നിര്‍ത്തുകയാണ്. പ്രക്ഷോഭത്തോടൊപ്പം ചേരും. ഭയന്ന് പിന്മാറില്ല, ഇറാനില്‍ നിന്ന് എവിടേക്കും പലായനം ചെയ്യുകയുമില്ല, തരാനെ കുറിച്ചു.
ഇറാനില്‍ എട്ട് ആഴ്ചയിലേറെയായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ലോകമെമ്പാടുമുള്ള കലാ, കായിക പ്രതിഭകള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇറാനില്‍ ഏറ്റവും ആരാധകരുള്ള തരാനെയുടെ രംഗപ്രവേശം തട്ടമുപേക്ഷിച്ച്, കുര്‍ദിഷ് ഭാഷയില്‍ സ്ത്രീ സ്വാതന്ത്ര്യം ജീവിതം എന്ന സമരമുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായുള്ള സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് തരാനെ അലി ദൂസ്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 2016-ല്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ഒസ്‌കാര്‍ അവാര്‍ഡ് നേടിയ ദി സെയില്‍സ്മാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലോകമെങ്ങും അറിയപ്പെടുന്ന നടിയാണ് തരാനെ.
തരാനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ എട്ട് ദശലക്ഷത്തിലധികം ആളുകളാണ് തരാനെയെ ഫോളോവേഴ്സ് ഉണ്ട്. ഇറാനിലെ ഇസ്ലാമിക സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അഭിനയത്തില്‍നിന്ന് തത്കാലം മാറിനില്‍ക്കുന്നതെന്ന് തരാനെ വിശദീകരിച്ചു.
അതിനിടെ പ്രക്ഷോഭതാരങ്ങളെ പിന്തുണച്ച് ഇറാനിയന്‍ ഫുട്‌ബോള്‍ താരം സര്‍ദാര്‍ അസ്മൗണ്‍ രംഗത്തെത്തി. സ്ത്രീകളടക്കമുള്ള ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഭരണകൂട നടപടി അപലപനീയവും ഇറാനിനാകെ നാണക്കേടാണെന്നും അസ്മൗണ്‍ കുറ്റപ്പെടുത്തി. ഈ ഭരണകൂട ഭീകരതയ്ക്കിടെ പ്രക്ഷോഭകാരികള്‍ക്ക് ദീര്‍ഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് അസ്മൗണ്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, സൗദി അറേബ്യക്കെതിരെ ഭീഷണിയുമായി ഇറാനിയന്‍ ഇന്റലിജന്‍സ് മന്ത്രി എസ്മയില്‍ ഖത്തീബ് രംഗത്തെത്തി. ഖമേനിയുടെ സ്വകാര്യ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണി. ബ്രിട്ടന്‍, ഇസ്രായേല്‍, അമേരിക്ക എന്നീരാജ്യങ്ങളുമായി ചേര്‍ന്ന് സൗദി അറേബ്യ ഇറാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഖത്തീബ് ക്ഷമ നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്കി.
Discussion about this post