ടെഹ്‌റാന്‍: മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മതകാര്യ പോലീസിനെ പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പോലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇറാനില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിച്ച പ്രക്ഷോഭങ്ങളെ കലാപശ്രമം എന്ന പേരില്‍ അടിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം മുട്ടുമടക്കിയിരിക്കുന്നത്.
മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റ രീതികള്‍ ഭരണ സംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബറിലുണ്ടായ മെഹ്‌സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിന്‍റെ സാന്നിധ്യം ഏറെക്കുറെ ഇല്ലാതായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മതകാര്യ പോലീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ നിയമ സംവിധാനങ്ങളുമായി കൂടിയാലോചന നടക്കുകയാണെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്‍റെ നേതൃത്വത്തിലാണ് രാജ്യത്ത് അച്ചടക്കത്തിന്‍റെയും ഹിജാബിന്‍റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന് ഗാഷ്ട് ഇ ഇര്‍ഷാദ് എന്ന പേരില്‍ അറിയപ്പെടുന്ന മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2022 സെപ്തംബര്‍ 17-ന് ആണ് മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് മതകാര്യ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ മരണപ്പെട്ടു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം ഉയര്‍ന്നത്. ഇത് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമാണ് വഴിതുറന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഭരണകൂടത്തിന്‍റെ നടപടികളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Discussion about this post