മെല്‍ബണ്‍: സ്വതന്ത്ര സിഖ് രാഷ്ട്രം എന്ന ആവശ്യവുമായി ഹിതപരിശോധനയ്ക്കിറങ്ങിയ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ സമൂഹത്തിനെതിരെ അക്രമണത്തെ പ്രതിരോധിച്ച് പ്രവാസി ഇന്ത്യക്കാര്‍. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണ് കഴിഞ്ഞ ദിവസം ഹിതപരിശോധനയ്ക്കിറങ്ങിയത്. മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇടയിലേക്ക് ഇന്ത്യന്‍ ദേശീയപതാകയുമായെത്തിയ ഒരു സംഘം ആളുകള്‍ വിഘടനവാദികളെ കൈയേറ്റം ചെയ്യുകയായിരുന്നു. ദേശീയപതാകയ്‌ക്കെതിരെ അക്രമം നടത്താനുള്ള തീവ്രവാദികളുടെ ശ്രമമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വിക്‌ടോറിയ പോലീസ് അറിയിച്ചു. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഘര്‍ഷം സംബന്ധിച്ച് ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ വടികളുമായി ഇന്ത്യക്കാരെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണുള്ളത്.
ഓസ്ട്രേലിയയില്‍ ഖാലിസ്ഥാനി അനുകൂലികള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ ഖാലിസ്ഥാന്‍ അനുകൂല പരിപാടികള്‍ നടക്കുന്നുവെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പോലീസിനെ അറിയിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് ഓസ്‌ട്രേലിയന്‍ ടുഡേ പറയുന്നു.
ജനുവരിയില്‍ മാത്രം ഖാലിസ്ഥാന്‍ അനുകൂലികള്‍ മെല്‍ബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചുവരുകളില്‍ ഇന്ത്യ വിരുദ്ധമുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. സംഭവങ്ങളെ ശക്തമായി അപലപിച്ച ഇന്ത്യ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.
Discussion about this post