വാഷിങ്ടണ്‍: ഇന്ത്യക്കും തായ്‌വാനുമെതിരായ ചൈനയുടെ അതിക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്ന് യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളാകണ് ചൈനയെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കാന്‍ ബീജിങ്ങിനോട് ആവശ്യപ്പെടണമെന്നും നേതാക്കള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കുന്ന കൊടും കുറ്റവാളികളാണെന്ന് സെനറ്റര്‍ മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ ബ്ലിങ്കെനും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും അയച്ച കത്തില്‍ പറഞ്ഞു, സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ ജനങ്ങള്‍ കടുത്ത പീഡനങ്ങളാണ് അനുഭവിക്കുന്നത്. വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, ലൈംഗിക അതിക്രമം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നിര്‍ബന്ധിത വന്ധ്യംകരണവുമടക്കം ജനങ്ങള്‍ നേരിടേണ്ടിവരുന്നുവെന്ന് മാര്‍ക്കോ റൂബിയോയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഡോ-പസഫിക് മേഖലയിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിക്രമം ശക്തമാക്കിയിട്ടുണ്ട്. തായ്വാന്‍ കടലിടുക്കിലും ഇന്ത്യന്‍ അതിര്‍ത്തിയിലും അങ്ങേയറ്റം പ്രകോപനപരമായാണ് ചൈന ഇടപെടുന്നത്. അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലുടനീളവും രഹസ്യാന്വേഷണ ശൃംഖല തീര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ലോകത്തിനാകെ ഭീഷണിയായി ചൈന മാറുകയാണെന്നും കത്തില്‍ പറയുന്നു.
Discussion about this post