ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഇന്ത്യാ അനുകൂല പ്രകടനങ്ങളെ ചെറുക്കാന്‍ ജിഹാദി സംഘങ്ങള്‍ക്ക് രൂപം നല്‍കി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യന്‍ ദേശീയപതാകയുമായി നൂറ് കണക്കിന് യുവാക്കള്‍ തെരുവില്‍ പ്രകടനം നത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എല്ലാ സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും തീവ്രവാദ സംഘടനയായ ഇസ്ലാമി ജമിയത്ത് ഇ തുലേബയെ (ഐജെടി) ശാക്തീകരിക്കാനാണ് തീരുമാനം.
മാര്‍ച്ച് 18 ന്, ജമ്മു കശ്മീരിനും പിഒകെയ്ക്കും ഇടയിലുള്ള അതിര്‍ത്തികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ റാവലക്കോട്ട് നഗരത്തില്‍ നിന്ന് ടിട്രിനോട്ടിലെ ക്രോസിങ് പോയിന്‍റെലേക്ക് പ്രകടനം നടത്തിയിരുന്നു. യുവ നേതാക്കള്‍ ജിഹാദ് വിരുദ്ധ പ്രസംഗം നടത്തുന്നതിനിടെയാണ് ഐജെടി അംഗങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കും, അതിര്‍ത്തി തുറന്ന് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള പ്രകടനങ്ങള്‍ ഇപ്പോള്‍ പാക്കധിനിവേശ കശ്മീരില്‍ പതിവാണ്.
അതിനിടെ റാവലക്കോട്ടില്‍ ഇസ്ലാമി ജമിയത്ത് ഇ തുലേബ നടത്തിയ പരിപാടിയില്‍ ജമ്മു കശ്മീരില്‍ ഇന്ത്യയ്ക്കെതിരായ ജിഹാദിന് തുറന്ന ആഹ്വാനം നല്‍കി. പിഒകെയിലെ പൂഞ്ച് ഡിവിഷനില്‍ നിന്ന് ഇരുന്നൂറിലധികം യുവാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്.
Discussion about this post