ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുപേരെ കാണാതായി.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഷാവല്‍ തെഹ്സിലിലെ ഗുല്‍ മിര്‍ കോട്ടിന് സമീപം തൊഴിലാളികളുടെ വാഹനത്തിന് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. 16 തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ റെഹാന്‍ ഗുല്‍ ഖട്ടക് പറഞ്ഞു.
നിര്‍മ്മാണത്തിലിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന 11 തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സൗത്ത് വസീറിസ്ഥാനിലെ് മകിന്‍, വാന എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ട്.
ഇതേദിവസം നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ, അപ്പര്‍ സൗത്ത് വസീറിസ്ഥാനിലെ മകിനില്‍ ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിച്ച വാഹനത്തിന് നേരെ റോക്കറ്റാക്രമണം നടന്നിരരുന്നു, നാല് പേരും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
Discussion about this post