വാഷിംഗ്ടൺ: അരുണാചൽ പ്രദേശിനെ യുഎസ് ഭാരതത്തിന്റെ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാഷിംഗ്ടണിൽ ഒരു പ്രതിദിന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് കുറുകെ തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് സൈന്യം സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ആവർത്തിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്.
ഈ ആഴ്ച ആദ്യം ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ ഷാങ് സിയാവോങ് അരുണാചൽ പ്രദേശിനെപ്പറ്റി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
സിസാങ്ങിന്റെ തെക്കൻ ഭാഗം (ടിബറ്റിന്റെ ചൈനീസ് പേര്) ചൈനയുടെ പ്രദേശത്തിന്റെ അന്തർലീനമായ ഭാഗമാണ്, ബെയ്ജിംഗ് “അരുണാചൽ പ്രദേശ് എന്ന് വിളിക്കപ്പെടുന്നതിനെ ശക്തമായി എതിർക്കുന്നു. നിയമവിരുദ്ധമായി ഇന്ത്യ സ്ഥാപിച്ചതാണ് ഈ പേരെന്നാണ് ചൈനീസ് കേണൽ പറഞ്ഞത്.
കൂടാതെ അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് അവകാശപ്പെടുന്ന ചൈന, തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യൻ നേതാക്കളുടെ സംസ്ഥാന സന്ദർശനത്തെ എതിർക്കുന്നുണ്ട്. ബെയ്ജിംഗ് ഈ പ്രദേശത്തിന് സാങ്‌നാൻ എന്നാണ് പേരിട്ടിരിക്കുന്നത്.
അതേ സമയം നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ പ്രധാന പ്രസ്താവന വന്നിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
Discussion about this post