തിംഫു: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ രാജാവ്. ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ നൽകി ഭരണകൂടം ആദരിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയായിരിക്കുകയാണ് നരേന്ദ്രമോദി.
തലസ്ഥാനമായ തിംഫുവിൽ വച്ച് ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചുകുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയായിരുന്നു പുരസ്കാര ദാനം. ഇതിന് മുൻപ് നാല് പേർക്ക് മാത്രമാണ് ഓർഡർ ഓഫ് ദ ഡ്രൂക്ക് ഗ്യാൽപോ നൽകി ഭൂട്ടാൻ ആദരിച്ചിട്ടുള്ളത്.
2014ൽ മോദി അധികാരത്തിലെത്തിയതിന് ശേഷം മോദിയുടെ മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണിത്. ഇന്ത്യ-ഭൂട്ടാൻ ബന്ധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിനും ഭൂട്ടാനും അവിടുത്തെ ജനതയ്‌ക്കും നൽകിയ വിശിഷ്ട സേവനത്തിനുമുള്ള അംഗീകാരമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം നൽകിയതെന്ന് ഭൂട്ടാൻ അറിയിച്ചു. 140 കോടി ഭാരതീയർക്കായി ഈ അംഗീകാരം സമർപ്പിക്കുന്നുവെന്ന് പുരസ്കാരം ലഭിച്ചതിന് ശേഷം നരേന്ദ്രമോദി പ്രതികരിച്ചു.
2021 ഡിസംബർ 17ന് ഭൂട്ടാന്റെ 114-ാം ദേശീയദിന ആഘോഷത്തിനിടെയായിരുന്നു രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്രമോദിക്ക് നൽകുമെന്ന പ്രഖ്യാപനം രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ നടത്തിയത്.
Discussion about this post