ലണ്ടന്‍: ലോകശക്തിയാകാനുള്ള ഇന്ത്യയുടെ സമാനതകളില്ലാത്ത കുതിപ്പിനെക്കുറിച്ചും മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ നടത്തിയ വികസനപ്രക്രിയകളെക്കുറിച്ചും ലളിതമായ ഉദാഹരണങ്ങളിലൂടെ വിവരിക്കുന്ന പല്‍കി ശര്‍മ്മയുടെ ഓക്സ്ഫോര്‍ഡിലെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യ എങ്ങിനെയെല്ലാമാണ് ലോകശക്തിയായി ഉയര്‍ന്നത് എന്നതിന് സ്ഥിതിവിവരക്കണക്കുകളും ഉദാഹരണങ്ങളും അവര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോമിന്റെ മാനേജിംഗ് എഡിറ്ററാണ് പല്‍കി ശര്‍മ്മ. ഓക്സ്ഫോര്‍ഡ് നഗരത്തിലെ അന്താരാഷ്‌ട്ര പ്രശസ്തമായ സംവാദ വേദിയാണ് ഓക്സ്ഫോര്‍ഡ് യൂണിയന്‍. ഇവിടെയാണ് പല്‍കി ശര്‍മ്മ ഇന്ത്യയുടെ പത്ത് വര്‍ഷത്തെ മാറ്റങ്ങളെക്കുറിച്ച് പ്രസംഗിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ വീഡിയോ പങ്കുവെച്ച് പല്‍കി ശര്‍മ്മയെ അഭിനന്ദിക്കാനെത്തി. പത്ത് വര്‍ഷത്തെ മോദി ഭരണത്തില്‍ എങ്ങിനെല്ലാമാണ് ഇന്ത്യ മാറിയതെന്ന് പല്‍കി ശര്‍മ്മ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായാണ് വിവരിച്ചത്.
ദല്‍ഹി എയര്‍പോര്‍ട്ടില്‍ കണ്ട കരിക്കുവില്‍പനക്കാരനും പഴക്കച്ചവടക്കാരനും
ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഉണ്ടായ ഒരു അനുഭവം വിവരിച്ച് കൊണ്ടാണ് ഇന്ത്യയുടെ വികസനം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്രത്തോളം നടന്നു എന്ന് പല്‍കി തന്റെ പ്രസംഗത്തില്‍ വിവരിച്ചത്. “സാധാരണക്കാരായ രണ്ട് പേര്‍ രണ്ടിടത്ത് കരിക്കും പഴവര്‍ഗ്ഗങ്ങളും വില്‍ക്കുന്നുണ്ട്. അധികം വിദ്യാഭ്യാസമില്ലാത്തവരാണെങ്കിലും രണ്ടു പേരും ക്യു ആര്‍ കോഡ് വെച്ചിട്ടുണ്ട്. വാങ്ങുന്നവര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം നല്‍കണം. ഈ അനുഭവം ഇന്ത്യയുടെ മാറ്റം സൂചിപ്പിക്കുന്നു. ഈ രണ്ട് കച്ചവടക്കാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ക്യൂാര്‍ കോഡ് വഴി പണം വാങ്ങാന്‍ കഴിയുന്നത്. അതായത് അവര്‍ രണ്ടു പേരും ഇന്ത്യയുടെ ബാങ്കിംഗ് ശൃംഖലയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളവരാണെന്നര്‍ത്ഥം. അതുപോലെ ഇന്ത്യയിലെ മൊബൈല്‍ ഉപയോഗവും താഴെത്തട്ടിലേക്ക് കൂടി കടന്നുകയറിയിരിക്കുന്നു. ഇത് വലിയ മാറ്റമാണ്. “- പല്‍കി വിവരിക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യയുടെ കുതിപ്പ്
“ഇനി ഡിജിറ്റല്‍ ഇന്ത്യയുടെ കാര്യം എടുക്കാം. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 15 ശതമാനം മാത്രമായിരുന്നു. ഇന്നത് 48 ശതമാനമാണ്. അതുപോലെ എയര്‍ ട്രാഫിക്കിന്റെ കാര്യം എടുക്കാം. ഒന്‍പത് വര്‍ഷം മുന്‍പത്തെ 6.7 കോടിയില്‍ നിന്നും ഇന്നത് ഇരട്ടിയിലധികം ആയി. ഇതിനര്‍ത്ഥം മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണ് എന്നാണ്. “- പല്‍കി ശര്‍മ്മ പറഞ്ഞു.
ലണ്ടനിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്
ഞാന്‍ പല ഇന്ത്യകളെയും കണ്ടിട്ടുണ്ട്. ആവേശകരമായ നയങ്ങളും സ്ഥാനങ്ങളും ഉപേക്ഷിച്ചിരുന്ന ഒരു ഇന്ത്യ. സ്വയം സംശയിച്ചിരുന്ന ഒരു ഇന്ത്യ. ആഗോള അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുത്തിരുന്ന ഒരു ഇന്ത്യ. എന്നാല്‍ ഇന്ന് ഇന്ത്യയിലേക്ക് ലോകം നേതൃത്വത്തിനും പ്രചോദനത്തിനും ഉറ്റുനോക്കുന്നു. ഇന്ന് ഇന്ത്യക്കാര്‍ സ്വന്തം നാട്ടില്‍ അഭിവൃദ്ധിയുള്ളവരാണ്. അതിനാല്‍ വിദേശത്ത് കൂടുതല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നേറുന്നു. ലണ്ടനിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ അഭിമാനത്തോടെ ഇന്ത്യക്കാര്‍ പാസ്പോര്‍ട്ട് കാണിക്കുന്നത് ഞാന്‍ കണ്ടു.
ഇന്ത്യയെന്ന സോഫ്റ്റ് പവര്‍, ഭീകരത ക്ഷമിക്കാത്ത ശക്തി
കഴിഞ്ഞ നൂറ്റാണ്ടുകളിലേതുപോലെ സംശയങ്ങളോ അസ്വസ്ഥതകളോ ഇന്ത്യയ്‌ക്ക് ഇന്നില്ല. അതേ സമയം ബോളിവുഡ്, മസാല ചായ, യോഗ, ക്രിക്കറ്റ് ഇതെല്ലാം ഇന്ത്യയുടെ സോഫ്റ്റ് പവറിന് ഉദാഹരണങ്ങളാണ്. ഇന്നത്തെ ഇന്ത്യ ഭീകരവാദമോ ചതിയോ ക്ഷമിക്കുന്ന ഭീരുവായ ജനാധിപത്യ രാജ്യമല്ല ഇന്നത്തെ ഇന്ത്യ. പാക് ഭീകരര്‍ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയപ്പോള്‍ പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഇന്നത്തെ ഇന്ത്യ ദുര്‍ബല രാജ്യമല്ല. ഒരു ലോശക്തിയാണ്.
പ്രതിശീര്‍ഷവരുമാനം, പണപ്പെരുപ്പം
സ്വദേശത്തുനിന്നുള്ള വളര്‍ച്ചയില്‍ നിന്നാണ് ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായത്. ഇന്ത്യ എന്ന ക്ഷേമരാഷ്‌ട്രം എന്ന സംവിധാനം പരിശോധിക്കാം. 10 കോടി പുതിയ ഗ്യാസ് കണക്ഷനുകള്‍, 47 കോടി ബാങ്ക് അക്കൗണ്ടുകള്‍, 22 കോടി ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ ഇതെല്ലാം ഇന്ത്യയില്‍ ഇന്നുണ്ട്. ഇതൊന്നും പുതിയതല്ല, പക്ഷെ ഇതിനോടുള്ള സമീപനം മാറിയിരിക്കുന്നു. കൂടുതല്‍ പണം പോക്കറ്റിലാക്കുക എന്നതല്ല, ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2014ല്‍ നിന്നും 86000 രൂപയില്‍ നിന്നും 1,72000 ആയി ഉയര്‍ന്നു. അതിന് കാരണം പണപ്പെരുപ്പം കുറഞ്ഞതാണ്. ഒമ്പത് വര്‍ഷം മുന്‍പ് എട്ട് ശതമാനമായിരുന്ന പണപ്പെരുപ്പം ഇന്ന് 6 ശതമാനത്തില്‍ താഴെയാണ്. വിദേശത്തുനിന്നും നേരിട്ടുള്ള നിക്ഷേപവും വിദേശവ്യാപാരവും ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
അര്‍ബന്‍ ഇന്ത്യയെയും ഗ്രാമീണ ഇന്ത്യയെയും ബന്ധിപ്പിക്കുമ്പോള്‍
വളര്‍ച്ചയുടെ ലക്ഷണം കണക്റ്റിവിറ്റിയാണ്. അത് ബ്രിട്ടീഷുകാരോട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. പണ്ട് ഇന്ത്യയെ കോളനിയാക്കിയപ്പോള്‍ നിങ്ങള്‍ ആദ്യം ചെയ്തത് റോഡുകളും റെയില്‍വേ ലൈനുകളും പണിയുകയായിരുന്നു (യുകെയില്‍ ആണ് ഈ പ്രസംഗം എന്നതിനാലാണ് ഈ ഉദാഹരണം പല്‍കി പറഞ്ഞത്).
രണ്ട് ഇന്ത്യകളുടേതായിരുന്നു ഞങ്ങളുടെ കഥ. ഒന്ന് തിരക്കേറിയ അര്‍ബന്‍ ഇന്ത്യ. മറ്റേത് മന്ദഗതിയിലുള്ള ഗ്രാമീണ ഇന്ത്യ. ഞങ്ങള്‍ കണക്റ്റിവിറ്റിയിലൂടെ ഈ രണ്ട് ഇന്ത്യകളേയും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ദിവസേന ഞങ്ങള്‍ 38 കിലോമീറ്ററിലധികം ഹൈവേ നിര‍്മ്മിക്കുന്നു. ഇത് ഏഴ് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയാണ്. 2014നെ അപേക്ഷിച്ച് എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയായി. സീപോര്‍ട്ടുകളുടെ ശേഷി ഇരട്ടിയായി. ഈ കണക്ടിവിറ്റിയാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.
ജിഎസ്ടി എങ്ങിനെ ഇന്ത്യയെ ഏകീകരിച്ചു
നമ്മുടെ ഭരണഘടന ഇന്ത്യയെ എല്ലാ സംസ്ഥാനങ്ങളുടെയും ഒരു യൂണിയനായി വിശേഷിപ്പിക്കുന്നു. ഇന്ത്യയുടെ വൈവിധ്യത്തിനുള്ള അംഗീകാരമാണിത്. അതേ സമയം ഇത് 28 വ്യത്യസ്ത സംസ്ഥാനങ്ങളുടെ വ്യത്യസ്ത സമ്പദ് വ്യവസ്ഥകളെ കൂടിയാണ് കാണിക്കുന്നത്. ഇവിടെ 28 തരം നികുതിവ്യവസ്ഥകളും വ്യാപാരപ്രക്രിയകളും ആണ് നിലനിന്നിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതിനെയെല്ലാം ജിഎസ്ടിയിലൂടെ ഏകോപിപ്പിച്ച് ഇന്ത്യയെ ഒരൊറ്റ വിപണിയാക്കി മാറ്റി. ഇതിന്റെ ഫലം ഇതാണ്. ഇന്ത്യയുടെ നികുതി പിരിവ് ചരിത്രത്തിലെ റെക്കോഡാണിന്ന്. നികുതി ദായകരുടെ എണ്ണം ഇരട്ടിയായി.
എല്ലാവരുമായി ചേര്‍ന്നുപോകുന്ന ഇന്ത്യ; പരിഹാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യ
ഇനി ഇന്ത്യയുടെ ആഗോള സ്ഥാനമെന്തെന്ന് നോക്കാം. ഇന്ത്യ കുഴപ്പക്കാരനല്ല, പകരം എല്ലാവരുമായി പരസ്പരധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ്. ഇന്ത്യ ക്വാഡിലും എസ് സിഒയിലും അംഗമാണ്. ഇന്ത്യ ജി7ലെ ക്ഷണിതാവാണ്. ബ്രിക്സിലും അംഗമാണ് ഇന്ത്യ. ആഗോളശക്തികളുമായി തോള്‍ ചേര്‍ത്ത് നില്‍ക്കുമ്പോഴും ലോകത്തിന്റെ തെക്കന്‍ രാജ്യങ്ങളുമായും ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ പക്ഷം പിടിച്ചില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പലര്‍ക്കും ഇത് സംശയമുണ്ടാക്കി. പക്ഷെ ഇന്ത്യയില്‍ ഇതേക്കുറിച്ച് യാതൊരു വ്യക്തതക്കുറവുമില്ല. രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ പക്ഷം പിടിച്ച് ആ വഴക്കിനെ കൂടുതല്‍ വഷളാക്കാന്‍ ഇഷ്ടപ്പെടുമോ? ഇന്ത്യ എപ്പോഴും പ്രശ്നപരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുക. ശ്രീലങ്ക മുങ്ങിത്താഴുമ്പോള്‍ 400 കോടി ഡോളറിന്റെ സഹായമാണ് നല്‍കിയത്. ഒരുവ്യവസ്ഥകളുമില്ലാതെ. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ പേമെന്‍റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ബുദ്ധിസത്തെ പിന്തുണയ്‌ക്കുക എന്ന നയതന്ത്രം വഴി ബുദ്ധിസത്തിന്റെ കളിത്തൊട്ടില്‍ എന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തി. കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ 24 കോടി വാക്സിനുകളാണ് 100 രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്.
അതിന്റെ ഫലം പാപാ ന്യു ഗിനി എന്ന രാജ്യത്ത് കണ്ടു. പ്രധാനമന്ത്രി മോദി അവിടെച്ചെന്നപ്പോള്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി മോദിയുടെ കാലില്‍ തൊട്ടിട്ട് പറഞ്ഞത് ഇതാണ്:”ഇത് ഈ രാജ്യത്തിന്റെ നന്ദിയാണ്.”
കശ്മീരിന്റെ സമ്പദ് ഘടന ഇന്ന് മെച്ചപ്പെട്ടു
ഇനി ഇന്ത്യയിലെ ചില കാര്യങ്ങള്‍ പറയാം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞു. കശ്മീരിന്റെ സമ്പദ് ഘടന ഇന്ന് ഏറെ മെച്ചപ്പെട്ടു. 1.8 കോടി ടൂറിസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം കശ്മീര്‍ സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇത്. യുഎഇയിലെ കമ്പനിയില്‍ നിന്നും നേരിട്ടുള്ള നിക്ഷേപമെത്തി. ഇനി സുരക്ഷിതത്വത്തെക്കുറിച്ച് പറയാം. തീവ്രവാദി ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു. ഇവിടുത്തെ സമ്പദ് ഘടന മെച്ചപ്പെട്ടു. കശ്മീര്‍ മെച്ചപ്പെട്ടു. ചരിത്രപരമായി ഇന്ത്യയ്‌ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു തെറ്റിനെ ശരിയാക്കി.
മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍
മതപരമായ അസഹിഷ്ണുത ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സ്ഥിരം ഉയര്‍ത്തുന്ന വിമര്‍ശനമാണ്. എന്നാല്‍ എന്താണ് വാസ്തവം? പക്ഷെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളോ, അവിടെയും ഇവിടെയും ഉള്ള ഉദാഹരണങ്ങളോ ഉയര്‍ത്തിക്കാട്ടിയിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ നയങ്ങളാണ് നോക്കേണ്ടത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാര്യമെടുക്കാം. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. ഏകദേശം 20 ലക്ഷം കൂടുതല്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി. അവരെ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ലകഷ്യമെങ്കില്‍ സര്‍ക്കാരിന് അത് ചെയ്യേണ്ട കാര്യമില്ല. ഇനി ഹജ്ജ് തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള തീരുമാനം എടുക്കാം. ഹജ്ജിനു പോകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. 2104ല്‍ 1,36000 പേരാണ് ഹജ്ജിന് പോയിരുന്നതെങ്കില്‍ 2019ല്‍ തന്നെ ഇത് 2 ലക്ഷം പേരായി ഉയര്‍ന്നു. മുസ്ലിങ്ങളെ ഒതുക്കാനാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് ഹജ്ജ് ക്വാട്ട മോദി സര്‍ക്കാര്‍ ഉയര്‍ത്തിയത്. അതുപോലെ മുത്തലാഖ് സമ്പ്രദായം ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കി. അതിനെ ഒരു നല്ല മാറ്റമായാണോ അതോ അടിച്ചമര്‍ത്തലായാണോ നിങ്ങള്‍ കാണുന്നത്?
ഇന്ത്യയില്‍ 89 ശതമാനത്തിന് സ്വതന്ത്രമായി മതാരാധന നടത്താന്‍ കഴിയുന്നു- പ്യൂ റിസര്‍ച്ച്
ഇനി പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ 2021ലെ സര്‍വ്വേ പഠനം നോക്കാം. സര്‍വ്വേ ചെയ്യപ്പെട്ട 89 ശതമാനം മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങള്‍ക്ക് തികച്ചും സ്വതന്ത്രമായി മതം ആചരിക്കാന്‍ കഴിയുന്നു എന്നാണ് സര്‍വ്വേയില്‍ പറഞ്ഞത്. (പ്യൂ റിസർച്ച് സെൻ്റർ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള പക്ഷപാതരഹിതമായ ഒരു അമേരിക്കൻ തിങ്ക് ടാങ്കാണ്. ഇത് സാമൂഹിക പ്രശ്നങ്ങൾ, പൊതുജനാഭിപ്രായം, യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ലോകത്തെയും രൂപപ്പെടുത്തുന്ന ജനസംഖ്യാപരമായ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.) സര്‍ക്കാരിന്റെ സാമൂഹ്യപദ്ധതികള്‍ -ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്‍ എന്നിവ എല്ലാ മതക്കാര്‍ക്കും വിവേചനമില്ലാതെ നല്‍കുന്നു. ഇതിന്റെ അര്‍ത്ഥം ഇന്ത്യയെ ഇനിയും മെച്ചപ്പെടുത്താനില്ല എന്നല്ല.
രഹസ്യഅജണ്ടകള്‍ നിറച്ച് പലരും ഇന്ത്യയെ ആക്രമിക്കുന്നു
മോദിയുടെ ഇന്ത്യയെക്കുറിച്ച് ചര്‍ച്ച നടത്താന‍് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. പലരും അവരവരുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയ്‌ക്കെതിരെ വസ്തുകള്‍ ഇല്ലാതെ കഥകള്‍ മെനയുകയാണ്. ഇതിനായി അവര്‍ നിറം പിടിപ്പിച്ച തലക്കെട്ടുകള്‍ ഉണ്ടാക്കുന്നു. മോദിയുടെ ഇന്ത്യയില്‍ ജിഡിപി നിരക്ക് അഞ്ച് ശതമാനം ആകില്ല, റഫാല്‍ വിമാന ഇടപാടില്‍ അഴിമതിയുണ്ട്, പ്രതിപക്ഷത്തെ സ്വകാര്യമായി നിരീക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പെഗസസ് രഹസ്യ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നു ഇങ്ങിനെ എന്തെല്ലാം നമ്മള്‍ കേട്ടു. ഇന്ത്യയില്‍ എല്ലാം തെറ്റാണെന്ന് കാണിക്കാനാണ് ശ്രമം. എന്നാല്‍ സുപ്രീംകോടതി മോദിസര്‍ക്കാരിനെ കുറ്റവിമുക്തമാക്കി. ഇന്ത്യ ഏഴ് ശതമാനം ജിഡിപി വളര്‍ച്ച നേടി എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും അത് പറഞ്ഞ വിദഗ്ധരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. കര്‍ണ്ണാടകയില്‍ 85 ശതമാനം പേര്‍ ബിജെപിയ്‌ക്ക് വോട്ട് ചെയ്തപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയുടെ മതേതരസ്വഭാവത്തെ സംശയിച്ചു. അജണ്ടകള്‍ നിറച്ച പ്രചാരണായുധങ്ങളുമായി പലരും ഇന്ത്യയുടെ പ്രതിച്ഛായയെ മുറിവേല്‍പിച്ച് ഓടിമറയുകയാണ്. ഇന്ത്യയ്‌ക്ക് അതിന്‍റേതായ വഴിയുണ്ട്. ഭരണഘടന നിലനില്‍ക്കുന്നിടത്തോളം, ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയ്‌ക്ക് സ്വന്തം വഴിയിലൂടെ നടക്കാന്‍ അവകാശമുണ്ട്. അത് പാശ്ചാത്യരാജ്യങ്ങളുടെ രീതിയിലാണെന്ന് ശഠിക്കരുത്. – പല്‍കി ശര്‍മ്മ പറഞ്ഞുനിര്‍ത്തുന്നു.
Discussion about this post