കൊളംബോ: ഭാരതം, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്കുന്നത് തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 30 ദിവസത്തെ വിസയ്‌ക്ക് 50 ഡോളര്‍ വീതം ഈടാക്കും. ശ്രീലങ്കയിലെത്തിയ ശേഷം നല്കുന്ന വിസകളുടെ ഫീസ് കൂട്ടിയത് വിവാദമായതോടെയാണ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസിന്റെ പുതിയ പ്രഖ്യാപനം.
പുതിയ സംവിധാനപ്രകാരം ഫീസ് 50 ഡോളറാണെങ്കിലും വിസ സേവനം നല്കുന്ന വിദേശ കമ്പനിക്കു നല്കുന്ന സേവനങ്ങളുടെ ചെലവും മറ്റുമുള്‍പ്പെടെ 100 ഡോളര്‍ കവിയും. കഴിഞ്ഞ വര്‍ഷം അവസാനമാണ് ശ്രീലങ്ക പരീക്ഷണാടിസ്ഥാനത്തില്‍ ഭാരതമുള്‍പ്പെടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. പദ്ധതി പ്രകാരം ശ്രീലങ്കയിലെത്തുന്ന ഭാരതീയര്‍ക്ക് 30 ദിവസം വരെ അവിടെ വിസയില്ലാതെ താമസിക്കാന്‍ സാധിക്കും. ഈ വിസയിളവ് പ്രഖ്യാപിച്ചതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഭാരത സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു.
ഭാരതവും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതും ശ്രീലങ്കയ്‌ക്ക് നേട്ടമായി. മാലദ്വീപ് ബഹിഷ്‌കരണത്തിന്റെ ഭാഗമായും നിരവധി ഭാരതീയര്‍ വിനോദസഞ്ചാരത്തിനായി ശ്രീലങ്കയെ തിരഞ്ഞെടുത്തു. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് ഇത് പ്രതീഷയേകി.
ഈ സാഹചര്യത്തിലാണ് ഭാരതീയ സഞ്ചാരികള്‍ക്കുള്‍പ്പെടെ വിസ ഇളവ് തുടരാന്‍ ശ്രീലങ്ക തീരുമാനിച്ചത്.
Discussion about this post