മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനില്‍ സിനഗോഗിലും പള്ളികള്‍ക്കും നേരെ ഭീകരാക്രമണം. പുരോഹിതനും പതിനഞ്ചോളം പോലീസുകാരും കൊല്ലപ്പെട്ടു. ഒരു സിനഗോഗിനും രണ്ട് പള്ളികള്‍ക്കും ഒരു പോലീസ് പോസ്റ്റിനും നേരെയാണ് സംഘടിതരായെത്തിയ തോക്ക് ധാരികള്‍ അക്രമം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം അക്രമത്തില്‍ പ്രദേശവാസികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ കൃത്യമായി റഷ്യ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനുത്തരവാദികളായ അഞ്ച് തോക്കുധാരികളെയും വധിച്ചെന്ന് ഡാഗെസ്താന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജോര്‍ജിയയുടെയും അസര്‍ബൈജാനിന്റെയും അതിര്‍ത്തിയിലുള്ള ഡാഗെസ്താന്റെ തലസ്ഥാനമായ മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമണം നടന്നത്.
ഡെര്‍ബന്റ് പള്ളിയിലെ പുരോഹിതന്‍ ഫാ. നിക്കോളായിയെ വെടിവച്ചതിന് ശേഷം കഴുത്തറത്താണ് കൊന്നത്. അറുപത്താറ് വയസായിരുന്നു അദ്ദേഹത്തിന്. പള്ളിക്കുള്ളിലിട്ടായിരുന്നു അരുംകൊലയെന്ന് ഡാഗെസ്താന്‍ പബ്ലിക് മോണിറ്ററിങ് കമ്മിഷന്‍ ചെയര്‍മാന്‍ ഷാമില്‍ ഖദുലേവ് പറഞ്ഞു. ഭീകരര്‍ അഗ്നിക്കിരയാക്കിയ പുരാതന സിനഗോഗ് യുനസ്‌കോ പൈതൃകപ്പട്ടികയിലിടം പിടിച്ച കെട്ടിടമാണ്. ഫയര്‍ ബോംബ് ഉപയോഗിച്ചാണ് സിനഗോഗ് തകര്‍ത്തത്.
വെടിവയ്പിന് പിന്നില്‍ ഭീകരവാദ സംഘടനകളാണെന്നും സംഭവംദേശീയ തീവ്രവാദ വിരുദ്ധ സമിതി അന്വേഷിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷമേഖലയായ നോര്‍ത്ത് കോക്കസസിലാണ് ഡാഗെസ്താന്‍ പ്രവിശ്യ. പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. കറുത്ത വസ്ത്രം ധരിച്ച നിരവധി ആയുധധാരികള്‍ തെരുവില്‍ പോലീസ് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത് ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്.
ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും അറിയാമെന്ന് ഡാഗെസ്താന്‍ പ്രവിശ്യാ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. 26 വരെ പ്രവിശ്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ഇസ്രായേല്‍ നടുക്കം പ്രകടിപ്പിച്ചു. ഡെര്‍ബെന്റിലെ സിനഗോഗ് അഗ്നിക്കിരയാക്കിയതും മഖച്കലയിലെ സിനഗോഗില്‍ വെടിയുതിര്‍ത്തതും ഗൗരവമായാണ് കാണുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം അയല്‍രാജ്യമായ ചെച്‌നിയയില്‍ രണ്ട് പതിറ്റാണ്ട് മുമ്പാരംഭിച്ച ഇസ്ലാമിക ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനിലെ സംഭവമെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
Discussion about this post