കീവ്: ഷെല്ലുകളും ബോംബുകളും മരണം വിതയ്ക്കുന്ന ഉക്രേനിയന്‍ ബങ്കറില്‍ ഒരു ജനനവും. ഇരുപത്തഞ്ചുകാരി മരിയ ഷോസ്റ്റാക്കാണ് ബങ്കറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. ഒരു ഇടനാഴിയും ഇരുവശത്തും ചെറിയ മുറികളുമുള്ള തണുത്ത നിലവറ നിറയെ, കൈവ് ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുള്ള തൊട്ടിലുകളാണ്. ആശുപത്രി ജീവനക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനായ ഉപയോഗിച്ചിരുന്ന ഈ സ്ഥലമാണ് മരിയ ഷോസ്റ്റാക്കിന് പ്രസവമുറിയായത്.
റഷ്യ സമ്പൂര്‍ണ യുദ്ധം ആരംഭിച്ചതിന്റെ രണ്ടാം ദിവസം, ഫെബ്രുവരി 25നാണ് കീവിലെ ബങ്കറില്‍ കുഞ്ഞ് പിറന്നത്. ഉക്രൈനിലേക്കുള്ള റഷ്യന്‍ ആക്രമണത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ ഒരു ദിവസം മുമ്പ് രാവിലെ 6 മണിക്ക് ആശുപത്രി വാര്‍ഡിലെത്തി ഡോക്ടറാണ് ഷോസ്റ്റാക്കിനെ അറിയിച്ചത്. ശാന്തമായിരിക്കണമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.
യുദ്ധത്തിന്റെ സൈറണും കാതടപ്പിക്കുന്ന ഒച്ചയും ഷോസ്റ്റാക്കിന് നേരിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. വീല്‍ചെയറിലാണ് നഴ്‌സുമാര്‍ അവളെ ബങ്കറിലിറക്കിയത്. ഉള്ളില്‍ നല്ല തിരക്കായിരുന്നു. എല്ലാ രോഗികളും ജീവനക്കാരും അയല്‍ വീടുകളിലെ താമസക്കാരും…. റഷ്യന്‍ മിസൈലുകളില്‍ നിന്ന് രക്ഷതേടി കുറേ ആളുകള്‍.
ആ രാത്രി അവള്‍ ഉറങ്ങിയില്ല, ഫോണിലെ ന്യൂസ് ഫീഡുകളിലൂടെ നിരന്തരം സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അറിയുന്ന വാര്‍ത്തകള്‍ സ്വസ്ഥത നഷ്ടപ്പെടുത്തുന്നതായിരുന്നു. ഇടയ്ക്ക് വാര്‍ഡിലേക്ക് മാറിയെങ്കിലും അടുത്ത പുലര്‍ച്ചെ വീണ്ടും ബങ്കറില്‍… അവിടെ വെച്ച് തന്നെ ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു. അവള്‍ ഭര്‍ത്താവിനെ വിളിച്ചു, ആശുപത്രിയിലേക്കുള്ള വഴിയില്‍ കുറച്ച് മരുന്നുകളും പലചരക്ക് സാധനങ്ങളും വാങ്ങാന്‍ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹത്തിന് എത്താനാകുമായിരുന്നില്ല. പിന്നീട് അദ്ദേഹം ആശുപത്രിയുടെ ബങ്കറില്‍ വന്നപ്പോള്‍ മറ്റൊരു വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം വന്നതിന് ശേഷമാണ് നഴ്‌സ് കുഞ്ഞിനെ കൈമാറിയത്….
Discussion about this post