ഗുവാഹത്തി: പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ, അസം അതിര്‍ത്തികളിലൂടെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികളുടെ സഹായത്തോടെയാണ് നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ തൊഴിലും പാര്‍പ്പിടവും തേടി ഇന്ത്യയിലേക്ക് കടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ന്യൂ ജല്‍പായ്ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഏഴ് റോഹിങ്ക്യകളെ പിടികൂടി. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ബംഗ്ലാദേശിലെ കോക്സ് ബസാറിനടുത്തുള്ള ക്യാമ്പ് നമ്പര്‍ 5 ലാണ് തങ്ങള്‍ താമസിക്കുന്നതെന്ന് അറസ്റ്റിലായ റോഹിങ്ക്യകള്‍ വെളിപ്പെടുത്തി. ഇവര്‍ അനധികൃതമായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ത്രിപുരയിലെ കുമാര്‍ഘട്ട് റെയില്‍വേ സ്റ്റേഷനിലെത്തി, ഇന്ത്യയിലെ റാക്കറ്റാണ് ട്രെയിന്‍ ടിക്കറ്റുകള്‍ ക്രമീകരിച്ചു നല്‍കിയത്. അവിടെനിന്ന് കൊല്‍ക്കത്തയിലെ സീല്‍ദയിലേക്കും പിന്നീട് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലേക്കും എത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി എല്ലാവരെയും ന്യൂ ജല്‍പായ്ഗുരിയിലെ ജിആര്‍പി ഓഫീസിലേക്ക് കൊണ്ടുവന്നു.
റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെ കഴിഞ്ഞ ഞായറാഴ്ച അസമിലെ കച്ചാര്‍ ജില്ലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക്കറ്റിന് ചുക്കാന്‍ പിടിക്കുന്ന കുംകുമ് അഹമ്മദ് ചൗധരിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. അസം, ത്രിപുര, മേഘാലയ, പശ്ചിമ ബംഗാള്‍ അതിര്‍ത്തികളിലൂടെ ഇന്ത്യയിലേക്ക് എത്തിച്ച് ബെംഗളൂരു, ദല്‍ഹി, മുംബൈ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുകയാണ് റാക്കറ്റ് ചെയ്യുന്നത്.
Discussion about this post