കുംഭമാസത്തിലെ അശ്വതി നാളാണ് പൂന്താനദിനമായി ആചരിക്കപ്പെടുന്നത്.
മലയാള സാഹിത്യത്തിനും, സംസ്കൃതിക്കും മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനത്തിന്റെ ദീപ്തമായ സ്മരണകൾ ഉണരുന്ന ദിനം.
എ.ഡി. 1547-നും 1640-നും മധ്യേ ജീവിച്ചിരുന്ന പൂന്താനം സംസ്കൃത ഭാഷാ പണ്ഡിതനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്നു.
പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ് പൂന്താനം ഇല്ലം.
ഇദ്ദേഹത്തെ പ്രശസ്തനാക്കിയ കൃതിയാണ് ജ്ഞാനപ്പാന.
വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച് വലിയൊരു സംസ്കൃത പണ്ഡിതനായിത്തീര്ന്നവ്യക്തിയാണ് പൂന്താനം എന്ന് പലര്‍ക്കും അറിയില്ല. കാരണം അദ്ദേഹം എഴുതിയത് ശുദ്ധമായ മലയാളത്തിലാണ്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ്. അദ്ദേഹത്തിന്റെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്.
ഭാഷാകര്‍ണ്ണാമൃതം, കുമാരഹരണം പാന (സന്താനഗോപാലം) എന്നിവയാണ് മറ്റ്പ്രധാന കൃതികള്‍.
“ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനി നാളെയുമെന്തെന്നറിയീല…”
എന്ന പ്രസിദ്ധമായ വരികള്‍ എല്ലാം മായ എന്ന ഹൈന്ദവ ദര്‍ശനത്തിന്റെ രസം പേരുന്ന ഈരടിയാണ്.
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്…”
എന്ന വരികള്‍ മനുഷ്യ ജന്മത്തിന്റെ പ്രവചനാതീതയേയും ഈശ്വരന്റെ നിര്‍ണ്ണയാധീശത്വത്തെയും കുറിക്കുന്ന ദര്‍ശനമാണ്. ഇതാകട്ടെ സാധാരണക്കാരന്റെ സംഭാഷണമെന്നപോലെ ലഘുവും ലളിതവും സൗമ്യവുമായി പൂന്താനം പറഞ്ഞുവയ്ക്കുന്നു.
പൂന്താനം ഒരു സംസ്കൃതിയുടെ പ്രതീകമാണ്. ഭാഷയുടെ വളര്‍ച്ചയുടെ ഒരു കാലഘട്ടത്തിന്റെയും കാലാതിവര്‍ത്തിയായ പ്രതിനിധിയാണ്. ലാളിത്യവും മിതത്വവും പാലിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും വരും തലമുറയ്ക്ക് എന്നും വഴികാട്ടിയാണ്
Discussion about this post