പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭാരതത്തില്‍ അലയടിച്ച സാമൂഹിക വിപ്ലവത്തിന്റെ ആശയാടിത്തറയും നേതൃത്വപരമായ പങ്കും വഹിച്ച ഡോ.ബാബ സാഹബ് അംബേദ്കര്‍…
അസ്പൃശ്യജനതയുടെ ദുരിത ജീവിതത്തെ മാറ്റിമറിക്കാന്‍ സ്വയം
സമര്‍പ്പിച്ച രാഷ്ട്ര നായകന്‍.
തൊട്ടുകൂടായ്മയെന്ന മഹാവിപത്ത് തൊട്ടുകൂടാത്തവരെന്ന് കണക്കാക്കപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അത് മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെ പ്രശ്‌നമായും ഭാരതത്തിന്റെ ദേശീയ പ്രശ്‌നമായുമാണ് അദ്ദേഹം വിലയിരുത്തിയത്.
ജാത് പാംത് പൂഛേ നാ കോഇ ഹരി കാ
ഭജൈ സൗ ഹരി കാ ഹോഇ
ജാതി വ്യത്യാസം ചോദിക്കാതെ ആരാണോ ഹരിയെ ഭജിക്കുന്നത് അവര്‍ ഹരിയുടേതായി എന്ന കബീറിന്റെ ദോഹകള്‍ കേട്ട് വളര്‍ന്ന വീടാണെങ്കിലും കുട്ടിക്കാലം മുതല്‍ അസ്പൃശ്യതയുടെ ദുഃഖാനുഭവങ്ങളാണ് അദ്ദേഹത്തെ വേട്ടയാടിയത്.
‘ഞാന്‍ അസ്പൃശ്യനായത് കൊണ്ട് അസ്പൃശ്യര്‍ക്ക് കിട്ടുന്ന അപമാനവും അവജ്ഞയും എനിക്ക് ഊഹിക്കാനാകും. ഒരു ക്ഷുരകനും ഞങ്ങളുടെ മുടി വെട്ടിത്തരില്ലായിരുന്നു. ദാഹിച്ചാലും കുടിവെള്ള പൈപ്പ് തൊടാന്‍ അനുവാദമില്ലായിരുന്നു’ എന്നാണ് അംബേദ്കര്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് എഴുതിയത്. അതേസമയം സയാജിറാവു ഗെയ്ക്ക്‌വാദില്‍ നിന്നും ബഡോദാ രാജാവില്‍ നിന്നും ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ചെയ്തു, അമേരിക്കയിലെ മോഹിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഭ്രമിക്കാതെ സമാജോദ്ധാരണത്തിനായി ജ്ഞാനസാധനയുടെ കൊടുംതപസ് അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. 1924 ജുലൈ 20ന് ബഹിഷ്‌കൃത ഹിതകാരിണി സഭ ആരംഭിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന ആരംഭം. 1928 മാര്‍ച്ച് മാസത്തില്‍ പരലിലെ ദാമോദര്‍ ഠാകര്‍സി ഹാളില്‍ സമാജ സമതാ സംഘത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ ജാതീയ പന്തിഭോജനവും അതേവര്‍ഷം മാര്‍ച്ച് 22 ന് പാലേയ ശാസ്ത്രികളുടെ പൗരോഹിത്യത്തില്‍ 500 ഹരിജനങ്ങള്‍ക്ക് ഉപനയന കര്‍മ്മവും നടത്തി. സഹപ്രവര്‍ത്തകര്‍ ശാരീരികമായി അക്രമിക്കപ്പെട്ടിട്ട് രക്തത്തില്‍ കുളിച്ച് കിടക്കേണ്ടി വന്നിട്ടും സമാധാന മാര്‍ഗ്ഗം പിന്തുടര്‍ന്ന് സത്യഗ്രഹ നിഷ്ഠയില്‍ ഉറച്ചു നിന്നു.
‘എല്ലാ ഹിന്ദുക്കളെയും ഒരു ജാതിയാക്കി ഒരുമിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നമുക്ക് വിജയിക്കാനായാല്‍ നാം ഭാരത രാഷ്ട്രത്തിന് പൊതുവേയും ഹിന്ദുസമുദായത്തിന് വിശേഷിച്ചും മഹത്തായ സേവനമാകും ചെയ്യുന്നത് ‘ അദ്ദേഹം പറഞ്ഞു.
അസ്പൃശ്യത മാറ്റാനുള്ള നിരന്തരമായ പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്താതായതോടെ അംബേദ്കര്‍ ആയിരക്കണക്കിന് അനുയായികളോടൊപ്പം 1956 ഒക്ടോബര്‍ 14 ന് നാഗപൂരില്‍ ഒത്തുകൂടി ബുദ്ധമതത്തില്‍ ചേര്‍ന്നു. ‘ബുദ്ധമതം സ്വീകരിക്കുക വഴി ഞാന്‍ ഈ നാടിന് അങ്ങേയറ്റം ഗുണമാണ് ചെയ്യുന്നത്. കാരണം ബുദ്ധമതം ഭാരതീയ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്, എന്നായിരുന്നു അദ്ദേഹം നല്‍കിയ വിശദീകരണം.
‘അസ്പൃശ്യതയുടെ കാര്യത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും അവസരം വരുമ്പോള്‍ ഞാന്‍ നാടിന് ഏറ്റവും കുറച്ച് ആഘാതമേല്‍ക്കുന്ന മാര്‍ഗ്ഗമേ തെരഞ്ഞെടുക്കൂ.-… സ്പൃശ്യ ഹിന്ദുക്കളുമായി ചില കാര്യത്തില്‍ എനിക്ക് വഴക്കുണ്ട്. പക്ഷെ എന്റെ നാടിന്റെ സ്വാതന്ത്യം സംരക്ഷിക്കാന്‍ പ്രാണന്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്മാറുകയില്ല.
മതം മാറാന്‍ നാഗപൂര്‍ തെരഞ്ഞെടുത്തതിനെക്കുറിച്ച് അന്നും ഇന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം ഉണ്ട്.
‘ദീക്ഷാസമാരോഹിന്റെ സ്ഥലത്തിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് സംശയം വേണ്ട. മതം മാറ്റത്തിന് എന്തുകൊണ്ടു നാഗപൂര്‍ തിരഞ്ഞെടുത്തു? പലരും ചോദിക്കുന്നു, ഈ കാര്യത്തിന് ഞാന്‍ എന്തുകൊണ്ട് നാഗപൂര്‍ തെരഞ്ഞെടുത്തു? മറ്റേതെങ്കിലും സ്ഥലത്തെന്തുകൊണ്ടു ചെയ്തില്ല ? ചിലര്‍ പറയുന്നു, ആര്‍എസ്എസ്, അതായത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വലിയ കേന്ദ്രം നാഗപ്പൂരിലുള്ളതുകൊണ്ടാണെന്ന്. അവരുടെ നെഞ്ചത്ത് സമ്മേളനം നടത്താനാണ് നാഗപ്പൂര്‍ തെരഞ്ഞെടുത്തത്. ഇതില്‍ യാതൊരു യാഥാര്‍ഥ്യവുമില്ല. അതുകാരണമല്ല നാഗപ്പൂരിനെ തിരഞ്ഞെടുത്തത്. ജീവിതത്തിലെ ഒരു നിമിഷം പോലും കളയാനാവാത്തവിധം വലിയ കാര്യങ്ങളാണ് നമുക്കു ചെയ്യാനുള്ളത്. സ്വന്തം മൂക്കുമുറിച്ച് മറ്റുള്ളവരുടെ ശകുനം മുടക്കാനുള്ള സമയമൊന്നും എനിക്കില്ല.
ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ വേറെയാണു കാര്യം. ഭാരതത്തില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ നാഗര്‍ക്ക് വളരെയേറെ പങ്കുണ്ട് എന്ന് ബൗദ്ധചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം…….. നാഗന്മാരുടെ മുഖ്യ കേന്ദ്രം നാഗ്പൂരും ചുറ്റുമൊക്കെയായിരുന്നു. അങ്ങിനെയാണ് നാഗപൂര്‍ എന്ന് ഈ നഗരത്തിന് പേര് വരാന്‍ കാരണം.നാഗപൂര്‍ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അതാണ്. ‘മതം മാറ്റചടങ്ങിലെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശില്‍പ്പിയെന്ന നിലയില്‍ ഭാരത ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട യഥാര്‍ത്ഥ ഭാരതരത്‌നമാണ് അംബേദ്കര്‍
Discussion about this post