കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13 .
പഞ്ചാബിലെ അമൃത്സറിൽ ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് ജാലിയൻ വാലാബാഗിൽ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരേ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറിന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയായിരുന്നു . അനൗദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ ആയിരത്തിലധികമാണ് . ഇരട്ടിയിലധികം പേർ പരിക്കേറ്റ് വീണു .
നിർബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികർക്ക് ഡയർ വീരപുരുഷനായി മാറി .വെടിയുതിർക്കാൻ ഡയറിന് നിർദ്ദേശം നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനൻഡ് ഗവർണർ മൈക്കൽ ഓഡയറും പ്രകീർത്തിക്കപ്പെട്ടു. എന്നാൽ ജാലിയൻ വാലാബാഗ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു പത്തൊൻപത് കാരൻ മരിച്ചു വീണവരെ സാക്ഷി നിർത്തി അന്നൊരു പ്രതിജ്ഞയെടുത്തു . ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു പ്രതിജ്ഞ .
1940 മാര്‍ച്ച് 13 “ ലോക പരിതസ്ഥിതിയും അഫ്ഗാനിസ്ഥാനും “ എന്ന വിഷയത്തില്‍ ലണ്ടനിലെ കാക്സ്റ്റന്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റെയും റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങ് പുരോഗമിക്കുന്നു . സെറ്റലാന്‍ഡ് പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ബ്രിഗേഡിയര്‍ ജനറല്‍ പി സൈക്സ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ . പ്രധാനപ്രസംഗത്തിനു ശേഷമായിരുന്നു ജാലിയന്‍ വാലാ ബാഗിലെ നരമേധത്തിലൂടെ പ്രശസ്തനായ സര്‍ മൈക്കല്‍ ഓഡയറിന്റെ പ്രഭാഷണം . പ്രഭാഷണത്തിനു ശേഷം നന്ദി പ്രകടനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു .
യഥാര്‍ത്ഥ നന്ദി പ്രകടനം ആരംഭിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ .. നിമിഷങ്ങള്‍ക്കകം മൈക്കല്‍ ഓഡയര്‍ വെടിയേറ്റു വീണു . നന്ദി പ്രകടനം അവിടെയും അവസാനിച്ചില്ല . സെറ്റ്ലന്‍ഡ് പ്രഭുവിനും , ലവിംഗ് ടണ്‍ പ്രഭുവിനും , സര്‍ ലൂയിസ് ഡെന്നും ഈരണ്ട് ഉണ്ടകളുടെ നന്ദി അറിയിക്കാന്‍ സര്‍ദ്ദാര്‍ ഉദ്ദം സിംഗ് മറന്നില്ല . അദ്ദേഹം കീശയില്‍ സൂക്ഷിച്ചിരുന്ന പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞിരുന്നു
“എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു .ഇത്തരത്തില്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല . ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധ ശിക്ഷയായാലും എനിക്കു കൂസലില്ല . എനിക്കു മരണത്തെ അശേഷം ഭയമില്ല . രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത “
ജാലിയന്‍ വാലാബാഗ് ഭീകരത നടന്ന 1919 ല്‍ ത്തന്നെ പ്രതികാരം നിര്‍വ്വഹിക്കാന്‍ ലണ്ടനിലെത്തിയ സര്‍ദ്ദാര്‍ ഉദ്ധംസിംഗ് നീണ്ട ഇരുപതുവര്‍ഷം അതിനു വേണ്ടി കാത്തിരുന്നു . 1940 ജൂലൈ 31 നു ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ തൂക്കിലേറ്റി .. 30 വര്‍ഷം മുന്‍പ് മദൻ ലാല്‍ ധിംഗ്രയുടെ രക്തസാക്ഷിത്ത്വം നടന്ന അതേ സ്ഥലത്ത് തന്നെ ഉദ്ധം സിംഗിന്റെ ബലിദാനവും നടന്നു .
ഡയറിന്റെ വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാർത്തിയ മൈക്കൽ ഓഡയറിനെ നീണ്ട 21 വർഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന് ഉദ്ധം സിംഗ് തന്റെ പ്രതിജ്ഞ പാലിച്ചു . ലോക മനസാക്ഷിക്ക് മുന്നിൽ വെള്ളക്കാരന്റെ ക്രൂരത ഒരിക്കൽ കൂടി തുറന്ന് കാട്ടാൻ ആ കൃത്യത്തിനു കഴിഞ്ഞു . മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ട പഞ്ചാബ് ജനതയ്ക്ക് വേണ്ടി പ്രതികാരം ചെയ്ത് ഉദ്ദം സിംഗ് രാഷ്ട്രത്തോടുള്ള കടമ പൂർത്തിയാക്കുകയും ചെയ്തു
ജാലിയൻ വാലാബാഗിന്റെ പട്ടടയിൽ രാഷ്ട്രത്തിനു വേണ്ടി എരിഞ്ഞമർന്നവരെ നമുക്ക് മറക്കാതിരിക്കാം . ഒപ്പം വീരബലിദാനി ഉദ്ദം സിംങ്ങിനേയും.
Discussion about this post