1861 ഡിസംബർ 25-ന് ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ച മദൻ മോഹൻ മാളവ്യ, ‘മകരന്ദ്’ എന്ന പേരിൽ ബാല്യകാലത്ത് നിരവധി കവിതകൾ രചിച്ചു. 1879-ൽ കൊൽക്കത്ത സർവകലാശാലയിൽനിന്ന് ബി.എ. ബിരുദം നേടിയ അദ്ദേഹം, അലഹബാദ് ജില്ലാ സ്കൂളിൽ അധ്യാപകനായി 1884-ൽ ചേർന്നു. 1886-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തിൽ പങ്കെടുത്തു നടത്തിയ പ്രസംഗമാണ് മാളവ്യയെ ജനശ്രദ്ധയിലേക്കുയർത്തിയത്. പുതുതായി രൂപവത്കരിക്കപ്പെട്ട ഉപദേശകസമിതികളിലെ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. ‘ഹിന്ദുസ്ഥാൻ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ആഴ്ചപ്പതിപ്പിനെ ദിനപത്രമാക്കാനാഗ്രഹിച്ചിരുന്ന രാജാറാം പാൽസിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ട മാളവ്യയെ അദ്ദേഹം ദിനപത്രത്തിന്റെ എഡിറ്ററാകാൻ ക്ഷണിച്ചു. 1887-ൽ ആ പദവി സ്വീകരിച്ച മാളവ്യ, രണ്ടര വർഷത്തോളം എഡിറ്ററായി തുടർന്നു. അതിനുശേഷം അഭിഭാഷകനാകുന്നതിനുള്ള പഠനം പൂർത്തിയാക്കിയ മദൻ മോഹൻ മാളവ്യ, 1893-ൽ അലഹബാദ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണം രാജ്യത്തിന്റെ വ്യവസായ മേഖലയിലുണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതത്തെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽത്തന്നെ മനസ്സിലാക്കിയ മാളവ്യ, വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന ആശയത്തിന്റെ പ്രോദ്ഘാടകരിലൊരാളും പ്രായോഗികമായി അതു നടപ്പാക്കിയ അപൂർവം ചിലരിലൊരാളുമാണ്. ഈ ആശയത്തെ പിൻപറ്റി ഒരു വിദ്യാഭ്യാസസ്ഥാപനം രൂപവത്കരിക്കണമെന്നാഗ്രഹിച്ച പണ്ഡിറ്റ് മദൻ മോഹനെ 1911-ൽ ആഗ്രഹസാഫല്യത്തിനായി സഹായിച്ചത് ആനിബസന്റായിരുന്നു. 1898-ൽ ബസന്റ് സ്ഥാപിച്ച സെൻട്രൽ ഹിന്ദു കോളേജിനെ അംഗമാക്കി വിഖ്യാതമായ ‘ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി’ സ്ഥാപിക്കപ്പെട്ടു. ഒരു വ്യക്തിയുടെ ശ്രമഫലമായി രൂപവത്കരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സർവകലാശാലയെന്ന നിലയിൽ വാരണാസിയിൽ തലയുയർത്തി നിൽക്കുന്നു ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി. ‘ഹിന്ദുസ്ഥാൻ’ എന്ന പത്രം കൂടാതെ ‘ഇന്ത്യൻ ഒപ്പീനിയൻ’, ‘അഭ്യുദയ’, ‘ലീഡർ’, ‘മര്യാദ’ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായ മദൻ മോഹൻ മാളവ്യ ചരിത്രത്തിൽ ഇരുളടഞ്ഞുപോകുമായിരുന്ന ‘ഹിന്ദുസ്ഥാൻ ടൈംസ്’ എന്ന വിഖ്യാത ദിനപത്രത്തെ രക്ഷിച്ചെടുക്കുന്നതിൽ ജി.ഡി.ബിർളയാടൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. 1924 മുതൽ 1946 വരെ പത്രത്തിന്റെ ചെയർമാനായി തുടർന്ന അദ്ദേഹം, ഇന്ത്യയിലെ സ്‌കൗട്ടിങ് പ്രസ്ഥാനത്തിനും ശക്തമായ നേതൃത്വം നൽകി. അലഹബാദ് കോടതിയിലെ പ്രശസ്തനായ അഭിഭാഷകനായിരുന്ന മദൻ മോഹൻ മാളവ്യ, സ്വാതന്ത്ര്യ സമരത്തിനായി സമയം ചെലവഴിക്കാൻ തന്റെ അഭിഭാഷകവൃത്തി 1911-ൽ പൂർണമായി ഉപേക്ഷിച്ചു. 1924-ൽ ചൗരിചൗര സംഭവത്തെത്തുടർന്ന് പ്രക്ഷോഭകാരികൾക്ക് നിയമസഹായം നൽകാനായി മാത്രമാണ് പിന്നീട് അഭിഭാഷകന്റെ കുപ്പായമണിഞ്ഞത്. സ്വാതന്ത്ര്യസമരകാലത്തെ നിരവധി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ മദൻ മോഹൻ മാളവ്യ ഖിലാഫത് പ്രസ്ഥാനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നതിന് എതിരായിരുന്നു. സൈമൺ കമ്മിഷനെതിേരയുള്ള പ്രക്ഷോഭങ്ങളിലും സിവിൽ നിസ്സഹരണ പ്രസ്ഥാനങ്ങളിലും പങ്കെടുത്ത മദൻ മോഹൻ മാളവ്യ, ന്യൂനപക്ഷങ്ങൾക്കു പ്രത്യേക മണ്ഡലങ്ങൾ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്‌ഡൊണാൾഡിന്റെ ആശയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയിൽനിന്നു രാജിവെച്ച് ‘കോൺഗ്രസ് നാഷണലിസ്റ്റ് പാർട്ടി’ സ്ഥാപിച്ചു. ഗംഗാസംരക്ഷണം, ഹരിജനോദ്ധാരണം, അയിത്തത്തിനെതിരേയുള്ള പോരാട്ടം തുടങ്ങി സാമൂഹിക നവോത്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രകാശം പരത്തിയ അദ്ദേഹം, 1946 നവംബർ 12-ന് മരണമടഞ്ഞു. 2014-ൽ മഹത്തായ സേവനങ്ങൾക്ക് രാഷ്ട്രം അദ്ദേഹത്തിന് ഭാരതരത്നം നൽകി ആദരിച്ചു.
Discussion about this post