ഡോ. ഗീത കാവാലം
ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ ഏറ്റവും ചൈതന്യവത്തായ ഒരു സങ്കല്പമത്രെ ഗുരുപൂര്‍ണിമ. ആഷാഢമാസത്തിലെ പൗര്‍ണമിദിനമാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കപ്പെടുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറ ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്ന തത്ത്വം ഒരുകാലത്തും മായ്‌ക്കാനാവാത്തവിധം ഇതിഹാസമാക്കി രചിച്ച വേദവ്യാസ മഹര്‍ഷിയുടെ ജന്മദിനമായി ഈ ദിനം കരുതപ്പെടുന്നതിനാല്‍ വ്യാസപൂര്‍ണിമ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഗുരുകാരുണ്യത്തിനും ജ്ഞാനസാഫല്യത്തിനുമായി ഗുരുപരമ്പരയെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണിത്. ജൈന, ബുദ്ധ മതാനുയായികളും ഗുരുപൂര്‍ണിമ പവിത്രമായി ഇന്നും ആചരിച്ചു പോരുന്നുണ്ട്. ഗുരുശിഷ്യ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ദിവസമായി ഈ ദിനത്തെ വിശേഷിപ്പിക്കാം.
ഗുരു ഉപദേഷ്ടാവും, ജീവിതത്തിന് വഴികാട്ടിയും വെളിച്ചം പകരുന്നവനുമാണ്. ഗുരുശിഷ്യപാരമ്പര്യമാണ് ഭാരതത്തിന്റെ മഹത്തായ ജ്ഞാനസമ്പത്തിനെ മുഴുവനും ഇന്നോളം കെടാതെ കാത്തുപോന്നിട്ടുള്ളത്. ഗുരുകുലം എന്ന സങ്കല്പം വേദകാലം മുതലേ ഭാരതത്തില്‍ കാണപ്പെടുന്നുണ്ട്.
സപ്തര്‍ഷികള്‍ മുതല്‍ വാല്മീകി, വ്യാസന്‍ യാജ്ഞവല്‍ക്യന്‍ എന്നിങ്ങനെ നീളുന്ന ഗുരുപരമ്പരയില്‍ വേദവ്യാസന് പരമ പൂജനീയ സ്ഥാനം ഭാരതീയര്‍ കല്പിച്ചിട്ടുണ്ട്. ഇതിഹാസകാവ്യമായ മഹാഭാരത സ്രഷ്ടാവും അതിലെ ഒരു പ്രധാന കഥാപാത്രവുമാണ് വേദവ്യാസന്‍. പരാശര മഹര്‍ഷിയുടെയും മുക്കുവ സ്ത്രീയായ കാളിയുടെയും മകനായി ജനിച്ച കൃഷ്ണദ്വൈപായനനാണ് പില്‍കാലത്ത് വേദവ്യാസനായിത്തീര്‍ന്നത്. ദ്വീപില്‍ ജനിച്ചതുകൊണ്ട് ദ്വൈപായനന്‍ എന്നും കറുത്ത നിറമായതിനാല്‍ കൃഷ്ണനെന്നും അര്‍ത്ഥം വരുന്ന കൃഷ്ണദ്വൈപായനന്‍ പരാശരമഹര്‍ഷിയുടെ പ്രഭാവത്താല്‍ അപ്പോള്‍ത്തന്നെ അമ്മയോട് യാത്രപറഞ്ഞ് കാട്ടിലേക്ക് മറയുകയും വേദാധ്യയനത്തിനു ശേഷം വേദം പകുത്ത് ശിഷ്യഗണങ്ങളെ പഠിപ്പിക്കുകയും ചെയ്തു. വേദങ്ങളെ വ്യസിച്ചവന്‍ (വേര്‍തിരിച്ചവന്‍, വ്യാസന്‍) ആകയാലാണ് അദ്ദേഹത്തിന് പിന്നീട് വേദവ്യാസന്‍ എന്ന പേര് ലഭിച്ചത്.
പതിനെട്ടു പുരാണങ്ങളും ബ്രഹ്മസൂത്രങ്ങളും രചിച്ച ബാദരായണന്‍ തന്നെയാണ് വേദവ്യാസന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. (പല കാലങ്ങളിലായി പലരും വ്യാസന്‍ എന്ന പേരില്‍ ഉണ്ടായിട്ടുണ്ട് എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.) വേദോപനിഷത്തുകളിലൂടെ കൈവന്ന ഗുരു എന്ന സങ്കല്പം അണയാത്ത ആത്മചൈതന്യത്തിന്റേതാണ്. വേദവിജ്ഞാനത്തെ സനാതനമായി പകര്‍ന്നു തന്നതുകൊണ്ടുതന്നെ ഭാരതീയ ചിന്തയുടെ അണയാത്ത ചിരഞ്ജീവത്വം ഗുരു വേദവ്യാസന് കല്‍പ്പിച്ചുകൊടുത്തിരിക്കുന്നു.
അനേകായിരം വര്‍ഷങ്ങളുടെ, യുഗാന്തരങ്ങളുടെ സംസ്‌കാരവും ചരിത്രവും വേരൂന്നിയിട്ടുള്ളതാണ് ഭാരതത്തിന്റെ ആത്മനിഷ്ഠഭാവന. ജാതിമത സങ്കല്പങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എല്ലാം അതീതമായ മാനവികതയുടെ, മഹാകാരുണ്യത്തിന്റെ പ്രവാഹം കൂടിയാണത് എന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാകും. പാശ്ചാത്യ ആധുനികതയുടെ ആസുര ശക്തിയില്‍ മുഴുകിപ്പോയ ഭാരതീയര്‍ക്ക് ക്രമേണ ഈ വെളിച്ചം നഷ്ടപ്പെടുകയും മഹത്തായ ഒരു ജ്ഞാനപാരമ്പര്യത്തോടുള്ള വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആധിക്യം കൊണ്ട് യഥാര്‍ത്ഥത്തിലുള്ള ജ്ഞാനത്തിന്റെ വെളിച്ചം കാണാന്‍ കഴിയാതെപോകുന്ന മനുഷ്യരെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിക്കുന്നവരാണ് മഹാഗുരുക്കന്മാര്‍.
ഗുരു എന്ന വാക്കിന് ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ പകര്‍ന്നുകൊടുക്കാന്‍ നിസ്വാര്‍ത്ഥനായ ഒരു ഗുരുവിന് മാത്രമേ കഴിയൂ എന്ന് ഭാരതീയര്‍ വിശ്വസിക്കുന്നു. സ്മൃതികളിലും പുരാണേതിഹാസങ്ങളിലും എല്ലാം ഗുരു സങ്കല്‍പ്പത്തിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു പറയുന്നുണ്ട്.
‘ആചാര്യവാന്‍പുരുഷോ വേദഃ’
ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു എന്നാണ് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നത്.
‘അസതോമാ സദ്ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതം ഗമയ’
എന്ന ബൃഹദാരണ്യകോപനിഷത്തിലെ പ്രാര്‍ത്ഥനയില്‍ ഇരുളില്‍ നിന്നു വെളിച്ചത്തിലേക്കു കൈപിടിക്കുന്ന ഗുരു സങ്കല്‍പം കൂടി വ്യക്തമാക്കുന്നുണ്ട്.
ഭാരതത്തിന്റെ മഹത്തായ പ്രപഞ്ചദര്‍ശനവും ഈശ്വരസങ്കല്‍പവും ആവിഷ്‌കരിച്ചത് ഋഷീശ്വരന്മാരായ, മന്ത്രദൃഷ്ടാക്കളായ ഗുരുക്കന്മാരാണ്. ആ പാരമ്പര്യത്തിലേക്ക് കേരളവും കണ്ണിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍ തുടങ്ങിയവരിലൂടെ ഈ പരമ്പര നീളുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രമായ ആത്മീയാനുഭവത്തെ ഒരാള്‍ക്ക് പഠിപ്പിച്ചു കൊടുക്കാവുന്നതല്ല, സ്വാനുഭവത്തിലൂടെ മാത്രം അറിയേണ്ടതാണത്.
‘ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം
പ്രാപതി ഇതി’ (ഛാന്ദോഗ്യം 49.3)
ആചാര്യനില്‍ നിന്ന് അറിയപ്പെട്ട വിദ്യ സഫലമായിത്തീരുന്നു എന്നുസാരം
ജഗത്കാരണമായ ബ്രഹ്മത്തെ അറിയുവാന്‍ ബ്രഹ്മനിഷ്ഠനായ ഗുരുവിന്റെ അടുക്കല്‍ പോകണമെന്ന് മുണ്ഡകോപനിഷത്ത് ഉപദേശിക്കുന്നുണ്ട്.
ലോക ജീവിതത്തിന്റെ ഭൗതികാര്‍ത്തികള്‍ക്കുള്ള മുഴുവന്‍ കാരണവും അജ്ഞതയാണ്. അതുകൊണ്ടുതന്നെ ജ്ഞാനം പകര്‍ന്നു കൊടുക്കുക എന്നത് ഗുരുവിന്റെ സ്വധര്‍മ്മമാണ്. ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമേ ഒരു നല്ല ഗുരുവിനെ ലഭിക്കുകയുള്ളൂ എന്ന് ഗുരുവിന്റെ മഹത്വത്തെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നുണ്ട്. ഭാരതം അതിന്റെ ജ്ഞാനപാരമ്പര്യത്തെ മുഴുവന്‍ ആത്മനിഷ്ഠമായിട്ടാണ് കണ്ടിരുന്നത്. തത്ത്വചിന്ത മാത്രമല്ല സാഹിത്യം, സംഗീതം, നാട്യം, ചിത്രകല, ആയുര്‍വേദം, ജ്യോതിശാസ്ത്രം, ജ്യോതിഷം, വാസ്തുവിദ്യ, ആയോധനവിദ്യ തുടങ്ങിയവയെല്ലാം ഗുരുക്കന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുപോന്നതാണ്. ജൈന, ബുദ്ധ, ചാര്‍വാക ദര്‍ശനങ്ങളിലും ഗുരു പാരമ്പര്യം പ്രകടമാണ്.
ഗുരുഗീത
ഗുരുവിന്റെ മാഹാത്മ്യത്തെ എത്രമാത്രം ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഗുരുഗീത എന്ന സ്‌തോത്രകാവ്യം.
സ്‌കാന്ദപുരാണത്തിലെ ഉത്തര ഭാഗമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആരാണ് യഥാര്‍ത്ഥ ഗരു, ഗുരുവിന്റെ മഹത്വം എന്താണ്, ഒരാള്‍ ഗുരുവിനെ സ്വീകരിക്കേണ്ടതിന്റെ ആവശ്യം എന്താണ് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു സ്‌തോത്ര ഗ്രന്ഥമാണിത്. സര്‍വ്വ ദേവന്മാരാലും പ്രാര്‍ത്ഥിക്കപ്പെടുന്ന ദേവദേവനായ പരമശിവന്‍ ആരെയാണ് ധ്യാനിക്കുന്നതെന്നുചോദിക്കുന്ന പാര്‍വതിയോട് അതിനുത്തരമായി ഗുരുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പരമശിവന്‍ പറയുന്ന രീതിയിലാണ് ഗുരുഗീത രചിക്കപ്പെട്ടിട്ടുള്ളത്.
‘ഗുകാരശ്ചാന്ധകാരസ്തു
രുകാരസ്തന്നിരോധകൃത്
അന്ധകാര വിനാശിത്വാത്
ഗുരുരിത്യഭിധീയതേ’ (ഗുരുഗീത. 1-45)
‘ഗു’ എന്നഅക്ഷരം ഇരുളിനെ സൂചിപ്പിക്കുന്നു. ‘രു’ എന്നാല്‍ അതിനെ തടുക്കുന്നവന്‍ എന്നര്‍ത്ഥം. അന്ധകാരമാകുന്ന ഇരുളിനെ നിരോധിക്കുന്നതിനാല്‍ ഗുരു എന്ന് പറയപ്പെടുന്നു. ജാതിമത അന്ധതകള്‍ക്ക് എല്ലാം അതീതനും പരമമായ സത്യവുമാണ് ഗുരു.
‘ഗുകാരശ്ച ഗുണാതീതോ
രൂപാതീതോ രുകാര:
ഗുണരൂപ വിഹീനത്വാത്
ഗുരുരിത്യഭിധീയതേ’ (ഗു.ഗീ.1-46)
‘ഗു’കാരം ഗുണാതീതവും ‘രു’കാരം രൂപാതീതവും ആകുന്നു. ഗുണരൂപങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഗുരു എന്നു പറയപ്പെടുന്നു. ഗുരു എന്നത് ഒരു വ്യക്തിയല്ല, ചൈതന്യ പ്രവാഹം തന്നെയാണ്. അതുകൊണ്ടാണ് ഭാരതീയര്‍ ഗുരുപരമ്പര എന്ന് വിശേഷിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ നിരന്തരവും കാലാതീതവുമായ ചൈതന്യപ്രവാഹത്തെയാണ് അതുസൂചിപ്പിക്കുന്നത്.
‘ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍ ഗുരുര്‍ദ്ദേവോ മഹേശ്വര
ഗുരുരേവ പരംബ്രഹ്മ തസ്‌മൈ ശ്രീഗുരവേ നമഃ’
(158)
ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എല്ലാം ഗുരു തന്നെ. ഏകമായ പരബ്രഹ്മം തന്നെയാകുന്നു ഗുരു എന്നു സാരം.
ഭാരതീയ ദര്‍ശനങ്ങളെ ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും സങ്കുചിത വഴികളിലേക്ക് ഒതുക്കിനിര്‍ത്താതെ വിശ്വവിശാലമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യവംശം നേരിടുന്ന ഭൗതിക പ്രശ്‌നങ്ങള്‍ക്ക് ഒരുപക്ഷേ പരിഹാരം കാണാന്‍ കഴിഞ്ഞേക്കും. എല്ലാ പ്രശ്‌നങ്ങളും മനുഷ്യമനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്നാണ് ഉടലെടുക്കുന്നതെന്ന തിരിച്ചറിവുണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങളെ നമുക്കുപരിഹരിക്കാന്‍ കഴിയും.
മഹാഗുരുക്കന്മാരെയും അവരുടെ മഹത്തായ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന ആധുനികലോകം ഭോഗാസക്തിയുടെ കമ്പോളതന്ത്രങ്ങളില്‍ പെട്ടുഴലുകയാണ്. അനുനിമിഷം നമ്മളൊക്കെ അതിന്റെ ഇരകളായി തീര്‍ന്നുകൊണ്ടുമിരിക്കുന്നു. അനാസക്തിയോടെ കര്‍മ്മം ചെയ്യുകയും കര്‍മ്മബന്ധനങ്ങളില്‍നിന്നു മുക്തിനേടുകയും ചെയ്യുക എന്ന ധാര്‍മിക മൂല്യമാണ് ഭാരതീയ സംസ്‌കാരത്തെ മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയുടെ പൊരുളും ഇതുതന്നെയാണ്.
ഒരുകാലത്ത് ആസേതുഹിമാചലം വ്യാപിച്ചുകിടന്നിരുന്ന വിശ്വവിശാലമായ സംസ്‌കാരത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തത്ത്വസംഹിതകളുടെയും ദര്‍ശനങ്ങളുടെയും ദൃഷ്ടാക്കളും വ്യാഖ്യാതാക്കളും സൂക്ഷിപ്പുകാരും ആയിരുന്നു മഹാഗുരുക്കന്മാര്‍. ലാഭേച്ഛയില്ലാത്ത കര്‍മ്മത്തിന്റെ ഉത്തമോദാഹരണമായ, അനന്തമായ ആ ഗുരുചര്യ അവിരാമം പ്രോജ്ജ്വലിക്കട്ടെ.
Discussion about this post