കൊച്ചി: അര നൂറ്റാണ്ട് മുമ്പ് ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മ്മകളുടെ മധുരമാണ് ഉള്ളില്‍ നിറയുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യോമസേനാംഗമായ അച്ഛനുമൊത്താണ് വിക്രാന്തില്‍ അന്ന് യാത്ര ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ആ ബാല്യസ്മരണകള്‍ എന്നെ കൂടുതല്‍ ആവേശ ഭരിതനാക്കുന്നു, രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിലെ ഈ മഹത്തായ നിമിഷത്തിന്, രാജ്യസുരക്ഷയില്‍ അത്യന്താധുനികശക്തിയാകുന്നതിലേക്കുള്ള യാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ മനോഹരമായ കൊച്ചിയിലാണ്,
50 വര്‍ഷം മുമ്പ്, അച്ഛനുമൊത്താണ് ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്യുന്നത്. വിമാന വാഹിനിയുടെ ഹാംഗറില്‍ നിലകൊണ്ട ബ്രെഗറ്റ് അലൈസ്, സീഹോക്ക് എന്നീ ചെറുവിമാനങ്ങള്‍ക്കൊപ്പമായിരുന്നു ആ യാത്ര, അദ്ദേഹം അനുസ്മരിച്ചു.
2019-ല്‍ ഐഎന്‍എസ് വിരാട് ഡീകമ്മീഷന്‍ ചെയ്യുന്നതിന് തീരുമാനിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാക്കി സംരക്ഷിക്കണമെന്ന അഭിപ്രായം യുദ്ധക്കപ്പലുകളോടും ധീര സൈനികരോടുമുള്ള കുട്ടിക്കാലം മുതലുള്ള ആരാധനയില്‍ നിന്നുണ്ടായതാണ്.
ചിപ്പ് ഡിസൈനറും ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ബൃഹത്തായ സെല്ലുലാര്‍ ഫോണ്‍ സംരംഭകനും കൂടിയായ രാജീവ് ചന്ദ്രശേഖര്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫ്‌ളാഗ്സ് ഓഫ് ഓണര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലും സജീവമാണ്.
Discussion about this post