ആലുവ: രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ നെടുമ്പാശേരിയില്‍ സ്ഥാപിച്ച ബാനറിലെ വീര സവര്‍ക്കറുടെ ചിത്രം വിവാദമായി. തുടര്‍ന്ന് ഗാന്ധിജിയുടെ ചിത്രം വച്ച് മറച്ചു. നെടുമ്പാശേരി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച വലിയ കമാനത്തില്‍ പതിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ചിത്രം വച്ചത് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ വിവാദമാക്കുകയായിരുന്നു. ഇതോടെ രാഹുല്‍ എത്തുന്നതിന് തൊട്ടുമുമ്പ് മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി സവര്‍ക്കറുടെ ചിത്രം മറച്ചു.
കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിൻ്റെ മണ്ഡലമായ ആലുവയില്‍ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ് സംഭവം. ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റിൻ്റെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ് അത്താണിയെ കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.












