ജോധ്പൂര്‍(രാജസ്ഥാന്): ഏഴ് വയസുകാരന് മുതല്‍ എണ്പതുകാരന് വരെ…. പണാവാനകദുന്ദുഭികളുമായി നിരയൊത്ത് വരിയൊത്ത് ഒരേ ചുവടില്‍ അണിനിരന്നപ്പോള്‍ ജോധ്പൂര്‍ നഗരം രാഷ്ട്രസംഗീതലഹരിയിലമര്ന്നു. ആര്‍എസ്എസ് ജോധ്പൂര്‍ പ്രാന്തത്തിന്റെ നാല് ദിവസത്തെ ഘോഷ് ശിബിരം മരു നിനാദിന്റെ സമാപന പഥസഞ്ചലനമാണ് നഗരത്തിന്റെ ഹൃദയം കവര്‍ന്നത്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നഗരകവാടമായ ജലോരി ഗേറ്റില്‍ പഥസഞ്ചലനം വീക്ഷിക്കാനെത്തിയതും ആവേശമായി.
മരുധര മാതൃശക്തി മഞ്ചിന്റെ പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞ സ്ത്രീകള്‍ പഥസഞ്ചലനത്തെ വരവേറ്റു. ജലകലശങ്ങളേന്തിയും ആരതിയുഴിഞ്ഞും മേവാഡിന്റെ സാംസ്കാരിക പൈതൃകമോര്മ്മിപ്പിച്ചാണ് നൂറുകണക്കിന് സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തത്. ലോകമാതാ അഹല്യഭായ് ഹോള്‍ക്കര്‍, റാണി ലക്ഷ്മിഭായ്, റാണി അബ്ബക്ക എന്നിവരുടെ വേഷം ധരിച്ച പെണ്‍കുട്ടികളും പരിപാടിയില്‍ അണിനിരന്നു.
ജോധ്പൂര്‍ പ്രാന്തത്തിലെ 21 സംഘജില്ലകളില്നിന്ന് തെരഞ്ഞെടുത്ത 15000 പ്രവര്‍ത്തകരാണ് ശിബിരത്തിന്റെ ഭാഗമായത്. ലുനി ശിക്കാര്പുരയിലെ ശ്രീരാജാറാം ആശ്രമ കാമ്പസില്‍ നടന്ന ശിബിരത്തില്‍ രണ്ട് ദിവസം സര്‍സംഘചാലകും പങ്കെടുത്തു.




















