ഗുവാഹതി: നാടന്‍കലകളുടെയും ദേശത്തനിമകളുടെയും വിചാരസംഗമത്തിന് തുടക്കം കുറിച്ച് ലോക്മന്ഥന്‍. ഗുവാഹതിയിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയില്‍ വിവിധ പ്രദര്‍ശനങ്ങളോടെ ആരംഭിച്ച ലോക്മന്ഥന് ഇന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരിതെളിച്ചു.
വേരുകളിലൂന്നി രാഷ്ട്രം അഭിമാനത്തിലേക്കുയരുന്ന ചരിത്രവേദിയാണ് ലോക്മന്ഥന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിൻ്റെ നാടന്‍ പാരമ്പര്യങ്ങളുടെ സംഗമമാണിത്. സംവാദാത്മകതയാണ് ഭാരതത്തിൻ്റെ സൗന്ദര്യമെന്നും പ്രൗഢമായ സംവാദ പാരമ്പര്യത്തെ മടക്കിക്കൊണ്ടുവരണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഭഗവത്ഗീതയും ഉപനിഷത്തുക്കളുമൊക്കെ മുന്നോട്ടുവച്ചത് സംഭാഷണത്തിലൂടെയുള്ള തത്വവിചാരമാണ്. സംവാദവും സംഭാഷണവും ചര്‍ച്ചയുമാണ് ഭാരതീയവിചാരധാരയെ മുന്നോട്ടുനയിക്കുന്നത്. നമ്മുടെ സമ്പന്നമായ ഭൂതകാലത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സംവാദാത്മകമായ അന്തരീക്ഷത്തിലൂടെ ദേശീയ ഏകതയെ ഉറപ്പിക്കുന്നതില്‍ ലോക്മന്ഥന്‍ പോലുള്ള സംഗമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിൻ്റെ സംവാദാത്മകതയെ മടക്കിക്കൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സമാനതകളില്ലാത്ത ചിന്താധാരകള്‍ നമ്മുടെ മണ്ണിലുണ്ട്, വേണ്ടവിധത്തില്‍ പരിഗണിക്കപ്പെടാതെപോയ, അവഗണിക്കപ്പെട്ട അത്തരം ആശയ പ്രപഞ്ചത്തിനും മുഖ്യധാരയിലിടം നല്‍കണം. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും ധാര്‍മ്മിക ജീവിതത്തിൻ്റെ നിലനില്‍പ്പിനും അത് അനിവാര്യമാണെന്നും മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങളെ പരിഗണിക്കുന്ന വിഷയത്തില്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ശരിയായ വഴിയിലൂടെ കാലത്തെ നയിക്കുകയാണ് ലോക്മന്ഥന്‍ ചെയ്യുന്നതെന്ന് മുഖ്യാതിഥിയായ ആസാം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ്മുഖി പറഞ്ഞു. വനാന്തരങ്ങളിലും വിവിധ കോണുകളിലും ഒളിഞ്ഞിരിക്കുന്ന ശ്രേഷ്ഠ പരമ്പരകളുടെ നിധികളെ പുറത്തെത്തിക്കണം. ഇത് വിശ്വഗുരുസ്ഥാനത്തേക്കുള്ള ഭാരതത്തിൻ്റെ യാത്രയുടെ പാഥേയമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭാരതം 1947ല്‍ പിറന്ന രാജ്യമാണെന്ന് ആഖ്യാനം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് ലോക്മന്ഥനെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഭാരതം അനാദിയായ സാംസ്‌കാരിക പ്രവാഹമാണ്. ഭാരതം അനാദികാലം നിലനില്‍ക്കുന്ന പവിത്രതയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായി.
Discussion about this post