ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ബിന്നി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വേണ്ടി ബിസിസിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയിലും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ (കെഎസ്സിഎ) വാര്‍ഷിക പൊതുയോഗത്തിലും കെഎസ്സിഎ സെക്രട്ടറി സന്തോഷ് മേനോന് പകരം റോജര്‍ ബിന്നിയുടെ പേര് ഇടം പിടിച്ചതോടെയാണ് 1983ലെ ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ സീമര്‍ ബിന്നിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നേരത്തെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗമായി ബിന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ തുടരുമെന്നാണ് സൂചന.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രതിനിധിയായി സൗരവ് ഗാംഗുലി അവതരിപ്പിക്കപ്പെടുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 18ന് നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പിന് 11, 12 തീയതികളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം, സൂക്ഷ്മപരിശോധന 13ന് നടക്കും, 14നകം സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം.
Discussion about this post