ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ യുക്രെയ്ന് മേലുള്ള റഷ്യൻ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനിടെ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎൻജിഎയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു പാകിസ്താൻ നയതന്ത്രജ്ഞൻ മുനീർ അക്രത്തിന്‍റെ കശ്മീർ പരാമർശം. എന്നാൽ ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ഉടൻ മറുപടി നൽകി.
ഈ ഫോറം ദുരുപയോഗം ചെയ്യാനും ഇന്ത്യക്കെതിരെ അർത്ഥശൂന്യമായ പരാമർശങ്ങൾ നടത്താനും ഒരു പ്രതിനിധി സംഘം ശ്രമിച്ചതായി സാക്ഷ്യം വഹിച്ചുവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പ്രതികരിച്ചു. ജമ്മു കാശ്മീരിന്‍റെ മുഴുവൻ പ്രദേശവും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതുമറന്ന് ഭീകരതയെ അതിർത്തി കടത്തി കൊണ്ടുവരുന്ന പാകിസ്താന്‍റെ നടപടികൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഞങ്ങളുടെ പൗരന്മാർക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം ഇതോടെ ലഭ്യമാകുമെന്ന് രുചിര കൂട്ടിച്ചേർത്തു.
യുക്രെയ്ൻ സംഘർഷവും കശ്മീർ വിഷയവും സമാനമാണെന്ന് വരച്ചുകാട്ടാനായിരുന്നു പാകിസ്താൻ പ്രതിനിധി അക്രം ശ്രമിച്ചത്. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തപ്പോൾ മുതൽ കശ്മീർ പ്രശ്നം വിവിധയിടങ്ങളിൽ അവതരിപ്പിച്ച് അന്താരാഷ്‌ട്രവൽക്കരിക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ ആവർത്തിച്ചിരുന്നു.
കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള പാകിസ്താന്‍റെ നിരന്തരമായ ശ്രമങ്ങൾക്ക് യുഎൻ അംഗങ്ങളിൽ നിന്ന് മാത്രമല്ല, ചൈന ഉൾപ്പെടെയുള്ള പാകിസ്താന്‍റെ ഉറ്റസുഹൃത്തുക്കളിൽ നിന്ന് പോലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നതാണ് വാസ്തവം.
Discussion about this post