ടെഹ്റാന്‍: ഹിജാബ് ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളുമായി ടെഹ്‌റാനിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഇറാന്‍ ഭരണകൂടം ഉയര്‍ത്തിയ ഒരു കൂറ്റന്‍ പരസ്യബോര്‍ഡ് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെന്ന രീതിയില്‍ തങ്ങളുടെ ചിത്രങ്ങള്‍ അവതരിപ്പിക്കരുതെന്ന നിലപാടുമായി പ്രമുഖരായ വനിതകള്‍ രംഗത്തുവന്നതോടെ ഭരണകൂടം ബോര്‍ഡ് നീക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോറിന്‍റെ നിയന്ത്രണത്തിലുള്ള പരസ്യബോര്‍ഡ് ‘വിമെന്‍ ഓഫ് മൈ ലാന്‍ഡ്’ എന്ന അടിക്കുറിപ്പോടെ ഹിജാബ് ധരിച്ച 50 ഓളം ഇറാനിയന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അടങ്ങിയതായിരുന്നു. തങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബോര്‍ഡിലിടം പിടിച്ച മൂന്ന് പേര്‍ രംഗത്തുവന്നതോടെയാണ് സര്‍ക്കാരിന് പിന്‍വലിയേണ്ടിവന്നത്.
നിരവധി അവാര്‍ഡുകള്‍ നേടിയ ഇറാനിയന്‍ നടി ഫത്തേമ മൊതമേദ് ആര്യയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത്. ‘കൊച്ചുകുട്ടികളും പെണ്‍കുട്ടികളും സ്വാതന്ത്ര്യസ്നേഹികളായ യുവാക്കളും കൊല്ലപ്പെടുന്ന ഒരു നാട്ടിലെ സ്ത്രീയായി എന്നെ ഞാന്‍ കണക്കാക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ‘ഞാന്‍ മഹ്‌സയുടെ അമ്മയാണ്, ഞാന്‍ സറീനയുടെ അമ്മയാണ്. ഈ നാട്ടില്‍ കൊല്ലപ്പെട്ട എല്ലാ കുട്ടികളുടെയും അമ്മയാണ് ഞാന്‍. ഞാന്‍ ഇറാനിലെ മുഴുവന്‍ അമ്മമാരുടെയും പ്രതീകമാണ്, കൊലപാതകികളുടെ നാട്ടിലെ ഒരു സ്ത്രീയല്ലേയല്ല ” പോലീസ് കസ്റ്റഡിയില്‍ മരിച്ച 22 കാരിയായ കുര്‍ദിഷ് വനിത മഹ്‌സ അമിനിയെയും സറീന എസ്മയില്‍സാദെയെയും പരാമര്‍ശിച്ച് ഫത്തേമ പറഞ്ഞു.
തൊട്ടുപിന്നാലെ, ചലച്ചിത്ര സംവിധായിക മര്‍സി ബൊറൂമന്‍ഡും പര്‍വതാരോഹക പര്‍വാനെ കസെമിയും പരസ്യബോര്‍ഡില്‍ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെ അപലപിച്ചു. ‘നിങ്ങള്‍ കുട്ടികളെയും യുവാക്കളെയും അടിച്ചമര്‍ത്തുന്ന ചുവരില്‍ നിന്ന് എന്‍റെ ഫോട്ടോ നീക്കം ചെയ്യുക. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു വിഭാഗത്തെയും എന്റെ സാംസ്‌കാരിക സ്വത്വം അവരുടെ നേട്ടത്തിനായി ഉപയോഗിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.’, ബോറൂമന്‍ഡ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.
ഈ പോസ്റ്ററില്‍ എന്‍റെ ചിത്രം കണ്ടതില്‍ അമര്‍ഷമുണ്ട്. സ്ത്രീകളുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യാനുയോഗിക്കുന്നത് ലജ്ജാകരമാണ്, പര്‍വാനെ കസമി കുറിച്ചു. അന്തരിച്ച നടി ഹോമ റൗസ്റ്റയുടെ മകന്‍ കവേ സമന്ദരിയന്‍ അമ്മയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരസ്യമായും അല്ലാതെയും നിരവധി പ്രമുഖര്‍ സര്‍ക്കാരിനെ രംഗത്തുവന്നത് ഇറാനിലെ മതഭരണകൂടത്തിന് വലിയ തിരിച്ചടിയായി.
Discussion about this post