സിഡ്‌നി: കളിയെക്കുറിച്ച് പറഞ്ഞ് ബാബര്‍ അസം, കുടുംബവിശേഷങ്ങള്‍ ചോദിച്ച് രോഹിത് ശര്‍മ്മ… പ്രതീക്ഷകള്‍ പങ്കുവച്ചും കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ലോകക്കപ്പ് മത്സരങ്ങള്‍ക്കായെത്തിയ ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഒത്തുചേര്‍ന്ന ഐസിസിയുടെ ക്യാപ്റ്റന്‍സ് ഡേ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇരുവരും മനസ്സ് തുറന്നത്. ഇന്ത്യ-പാക് മത്സരങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിനാണ് ഒരു നാട്ടിലെ ആളുകളായിത്തന്നെയാണ് പാക് താരങ്ങളെ ഞങ്ങള്‍ കാണുന്നതെന്ന് ഇന്ത്യന്‍ നായകന്‍ മറുപടി പറഞ്ഞത്.
‘രോഹിത് അനുഭവ സമ്പന്നനാണ്, എന്നെക്കാള്‍ മുതിര്‍ന്നയാളുമാണ്. ഏറെക്കാലമായി അദ്ദേഹം മൈതാനത്തുണ്ട്. കളിയിലെ ആ അനുഭവങ്ങള്‍ പഠിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക’ എന്നായിരുന്നു ബാബര്‍ അസമിന്‍റെ മറുപടി.
അതേസമയം രോഹിതിന്‍റെ ഉത്തരം വ്യത്യസ്തമായിരുന്നു. കളി കാര്യമാണ്. ഏഷ്യാകപ്പ് അടക്കം പലയിടങ്ങളില്‍ ഞങ്ങള്‍ കളത്തില്‍ തമ്മില്‍ത്തമ്മില്‍ കാണാറുണ്ട്. കളിയെപ്പറ്റിയുള്ള സമ്മര്‍ദങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അവരെ അടുത്ത് കാണുമ്പോള്‍ നാട്ടിലെ ജീവിതത്തെക്കുറിച്ച് ചോദിക്കും. കുടുംബ വിശേഷങ്ങള്‍ ആരായും. പുതിയ കാര്‍ വാങ്ങിയോ, കുട്ടികളൊക്കെ പഠിക്കുന്നുണ്ടോ, വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ.. അങ്ങനെയൊക്കെ. നമ്മുടെ മുതിര്‍ന്ന കളിക്കാരും ഇത്തരത്തിലാണ് പെരുമാറിയിട്ടുള്ളതത്, രോഹിത് പറഞ്ഞു.
പാകിസ്ഥാന് വേണ്ടി മാത്രമൊരു നയമില്ല. അവസാന നിമിഷത്തെ തീരുമാനങ്ങളില്‍ കാര്യമില്ല. ടീം സെലക്ഷനും ഗെയിംപ്ലാനുമടക്കം എല്ലാം നേരത്തെ ഒരുക്കുന്നതാണ് എന്‍റെ രീതി. പരിക്കുകളില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല, ഒപ്പമുള്ളവരില്‍ പൂര്‍ണ വിശ്വാസമുണ്ട്, മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് ടീമിന്‍റെ പ്രധാന ഘടകമാണ്. അത് അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.
ട്വന്റി20 ലോകക്കപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഇന്നലെ 16 ടീമുകളുടെ നായകരെ ഒരുമിച്ചു ചേര്‍ത്ത് ഐസിസി ക്യാപ്റ്റന്‍സ് ഡേ പരിപാടി സംഘടിപ്പിച്ചത്. ടീമുകളുടെ തയ്യാറെടുപ്പിനെക്കുറിച്ചും പ്രതീക്ഷകളെപ്പറ്റിയും അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഐസിസിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ എല്ലാ ക്യാപ്റ്റന്മാരൊത്തുചേര്‍ന്ന ചിത്രം ലോകവ്യാപകമായി ഷെയര്‍ ചെയ്തു.
Discussion about this post