ടെഹ്‌റാന്‍: ലോകമാകെ പ്രതിഷേധത്തിന്‍റെ തീ കൊളുത്തിയ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്ന് ഒരു മാസം. ബന്ധുക്കളെ കാണാന്‍ സഹോദരന്‍ കിയരേഷിനൊപ്പം ടെഹ്‌റാനിലെത്തിയ ജിന മഹ്‌സ അമിനിയെന്ന ഇരുപത്തിരണ്ടുകാരിയെ പട്രോളിങ് പോലീസ് വിഭാഗമായ ഗഷ്ട് ഇ ഇര്‍ഷാദ് അറസ്റ്റ് ചെയ്തത് സപ്തംബര്‍ 13 നാണ്. മുടി പൂര്‍ണമായും മറച്ച് തട്ടം ധരിച്ചില്ലെന്നായിരുന്നു പോലീസ് കണ്ട കുറ്റം. പോലീസ് വാഹനത്തില്‍ പെങ്ങളെ കയറ്റുമ്പോള്‍ താന്‍ കാല് പിടിച്ച് യാചിച്ചിരുന്നുവെന്ന് കിയരേഷ് പിന്നീട്മാധ്യമങ്ങളോട് പറഞ്ഞു. ‘പോലീസ് വാനില്‍ നിന്ന് സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ മഹ്‌സ അവശയായിരുന്നു. ഞാന്‍ ആ പകലത്രയും സ്റ്റേഷനു മുന്നില്‍ അവള്‍ക്കായി കാത്തിരുന്നു. രാത്രിയോടെ അവര്‍ ആംബുലന്‍സില്‍ മഹ്‌സയെ ആശുപത്രിയിലേക്ക് മാറ്റി.
ഹൃദയാഘാതം കൊണ്ട് കുഴഞ്ഞു വീണുവെന്നാണ് പോലീസ് അന്ന് പറഞ്ഞത്. മൂന്ന് ദിവസം പിന്നിട്ട് 16ന് മഹ്‌സ ഞങ്ങളെ വിട്ടുപോയി, തലയ്‌ക്കേറ്റ അടിയിലാണ് അവള്‍ ബോധരഹിതയായത്. ഇബ്രാഹിം റെയ്‌സിയുടെ പോലീസും ആയത്തുള്ള അലി ഖൊമേനിയുടെ മതവും ചേര്‍ന്നാണ് എന്‍റെ പെങ്ങളുടെ ജീവനെടുത്തത്, കിയരേഷ് പറഞ്ഞു.
വടക്കു പടിഞ്ഞാറന്‍ ഇറാനിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ മഹ്‌സയുടെ ജന്മസ്ഥലമായ സാക്കസ് അടുത്ത ദിവസം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ടെഹ്‌റാനില്‍ നിന്ന് മഹ്‌സയുടെ ശരീരം സാക്കസിലെത്തിച്ചപ്പോള്‍ ജനക്കൂട്ടം പ്രതിഷേധമുയര്‍ത്തി. മഹ്‌സയുടെ അച്ഛന്‍ അമിനി മുല്ലമാരെയും മതമേധാവികളെയും സംസ്‌കാരച്ചടങ്ങില്‍ നിന്ന് പുറത്താക്കി. അന്ന് വൈകുന്നേരത്തോടെ സാക്കസില്‍ അരങ്ങേറിയ പ്രതിഷേധം പിന്നീട് ഇറാനിലെ വനിതകള്‍ ഏറ്റെടുത്തു.
ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും മുടി മുറിച്ചും അവര്‍ ഭരണകൂടത്തെ വെല്ലുവിളിച്ചു. എല്ലാ നഗരങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നു. ലോകമെങ്ങുമുള്ള പ്രമുഖര്‍ ഐക്യദാര്‍ഢ്യവുമായി അണിനിരന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഇറാന്‍ എംബസിക്കു മുന്നില്‍ വലിയ പ്രതിഷേധമുണ്ടായി. പ്രക്ഷോഭത്തിനെതിരെ സൈന്യം വെടിയുതിര്‍ത്തു. പതിനാറുകാരി നിക ഹഷരാമി, സെറീന തുടങ്ങി 250ലേറെപ്പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ തടവിലായി. സര്‍വകലാശാലകളും പള്ളിക്കൂടങ്ങളും വിട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. സ്ത്രീ, ജീവിതം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ലോകം ഏറ്റെടുത്തു. അഫ്ഗാന്‍ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി.
മഹ്‌സ കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോള്‍ ഇറാനിലെ ഭരണകൂടം പ്രതിസന്ധിയിലാണ്. മുന്‍ സ്പീക്കര്‍ ലാരിജാനി അടക്കമുള്ള നേതാക്കളും സര്‍ക്കാരിനെ രംഗത്തുവന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
Discussion about this post