സിയോള്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭം കളിക്കളത്തിലേക്കും. അന്താരാഷ്ട്ര ക്ലൈംബിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലാണ് ഇറാന്‍ അടിച്ചേല്‍പ്പിച്ച മതനിയമങ്ങള്‍ ഉപേക്ഷിച്ച് എല്‍നാസ് റെക്കാബിയുടെ പ്രതിഷേധം. നീണ്ട മുടി പറക്കാതിരിക്കാന്‍ ഒരു കറുത്ത ബാന്‍ഡ് മാത്രം ധരിച്ചാണ് റെക്കാബി കളത്തിലിറങ്ങിയത്. സിയോളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇറാനെ പ്രതിനിധീകരിച്ച റെക്കാബി ഹിജാബ് ഉപേക്ഷിച്ച് ഉയരങ്ങള്‍ ചവിട്ടിക്കയറിയത്. 43 വര്‍ഷത്തെ ഇറാനിയന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു വനിത് ഹിജാബ് ഉപേക്ഷിച്ച് ഒരു മത്സരരംഗത്തിറങ്ങുന്നത്.
‘എന്‍റെ നാട്ടിലെ ധീരരായ എല്ലാ പോരാളികള്‍ക്കുമൊപ്പം’ എന്നായിരുന്നു മത്സരത്തിന് ശേഷം എല്‍നാസ് റെക്കാബിയുടെ പ്രതികരണം. ചരിത്രമുഹൂര്‍ത്തം എന്ന വിശേഷണത്തോടെയാണ് ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങള്‍ ഇറാനിയന്‍ താരത്തിന്‍റെ പ്രതിഷേധത്തെ അവതരിപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാലാം സ്ഥാനമാണ് റെക്കാബി നേടിയതെല്ലാം ഇറാനികളുടെ മനസ്സില്‍ അവളുടെ സ്ഥാനം ഒന്നാമതാണെന്ന് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബുധനാഴ്ച നടന്ന പോലീസ് അക്രമത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ ഇന്നലെ പലയിടത്തും പ്രക്ഷോഭത്തെ അക്രമാസക്തമാക്കി. അസ്ര പനാഹി എന്ന പതിന്നാലുകാരിയാണ് അര്‍ദാബില്‍ നഗരത്തില്‍ നടന്ന പ്രകടനത്തിനെതിരായ പോലീസ് അക്രമത്തില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്.
സപ്തംബര്‍ 17ന് സാക്കസില്‍ മഹ്സ അമിനിയുടെ സംസ്‌കാരച്ചടങ്ങില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകമെങ്ങും വനിതകള്‍ ഏറ്റെടുക്കുന്നതിനിടെയാണ് ഇറാനെ പ്രതിനിധീകരിച്ച് ക്ലൈംബിങ് മത്സരത്തിനിറങ്ങിയ റെക്കാബി അതില്‍ അണിചേരുന്നത്.
അതേസമയം ഒരു മാസമായി തുടരുന്ന പ്രക്ഷോഭം ഇറാനില്‍ എല്ലാ ഭരണകൂട നടപടികളെയും ചെറുത്ത് ശക്തി പ്രാപിക്കുകയാണ്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തകര്‍ച്ച ആവശ്യപ്പെട്ട് തബ്രിസ്, റാഷ്ത് നഗരങ്ങളില്‍ ഇന്നലെ കലാപസദൃശമായ സംഭവങ്ങളാണ് അരങ്ങേറിയത്. എല്ലാ സര്‍വകലാശാലകളും അടഞ്ഞുകിടക്കുകയാണ്. നിരവധി നഗരങ്ങളിലെ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
Discussion about this post