പ്രശസ്ത എഴുത്തുകാരൻ ജയമോഹൻ എഴുതുന്നു..
കുലദൈവങ്ങളെ ഭക്തിയുടെ കണ്ണിലൂടെ നമ്മള്‍ കണേണ്ടതില്ല. ഒരാള്‍ക്ക് ഭക്തിയുണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷെ ഇന്നൊരാളുടെ വേരുകളെന്തെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം കുലദൈവമാണ്. ഉദാഹരണത്തിന് വിജയനഗര സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തമിഴകത്തേക്ക് തെലുങ്കരുടെ കുടിയേറ്റമാരംഭിച്ചു. ഇപ്പോഴും ജനസംഖ്യയുടെ വലിയൊരു ശതമാനം തെലുങ്കരാണ്. അവരുടെ ഭൂതകാലം തിരിച്ചറിയുന്നതും കുലദൈവങ്ങളിലൂടെയാണ്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ വേരുകള്‍ നീണ്ടുപോകുന്ന വഴികളൊന്നും മങ്ങിയില്ല. പക്ഷെ മലയാളികള്‍ അവരുടെ കുലദൈവങ്ങളെ മറന്നു. ഇടയ്ക്കെപ്പോഴോ കേരളീയ ജീവിതത്തില്‍ കടന്നുവന്ന നാസ്തിക സ്വഭാവം അല്ലെങ്കില്‍ ഒരു നിഹിലിസം അതിനെ മായ്ച്ചു കളഞ്ഞു. മനുഷ്യന്‍ വ്യക്തിയല്ല. അതിനുമപ്പുറം ഒരു കള്‍ച്ചറല്‍ എൻഡിറ്റിയാണ്. അത് പതിഞ്ഞുകിടക്കുന്നത് ഓരോരുത്തരുടെയും പൂര്‍വകഥകളിലാണ്. ജയമോഹനെന്നാല്‍ ജയമോഹന്‍ മാത്രമല്ല. ജയമോഹന്‍റെ അച്ഛന്‍ ബാഹുലേയന്‍ പിള്ളയും ജയമോഹനാണ്. ബാഹുലേയന്‍ പിള്ളയുടെ മകന്‍ ശങ്കരപ്പിള്ളയും ജയമോഹനാണ്.
കുമാരകോവിലിലേക്ക് പോകുന്ന വഴിക്കാണ് മേലാങ്കോട്. ആ വഴി വളരെ പ്രധാനമാണ്. അത് ഉദയഗിരിക്കോട്ടയുടെ പുറകിലാണ് കിടക്കുന്നത്. അതൊരു ശ്മാശാനം പോലുള്ള പ്രദേശമാണ്. രാജഭരണകാലത്ത് കഴുവേറ്റിയതും മറ്റ് ശിക്ഷകള്‍ നടപ്പാക്കിയതുമായ ഒരിടമാണത്. അങ്ങനെ മരണപ്പെട്ടവരുടെ ഓര്‍മ നിലനിര്‍ത്തുന്ന മുന്നൂറും നാനൂറും കുലദൈവങ്ങളുള്ള സ്ഥലമാണത്. അവിടെ പ്രധാനമായും ഒരു ശിവക്ഷേത്രമുണ്ട്. അതിനോട് ചേര്‍ന്ന് മേലാങ്കോട് ചേച്ചി അനിയത്തി അമ്പലങ്ങളുണ്ട്. മേലാങ്കോട്ടെ യക്ഷിയമ്പലമെന്നാണ് അതറിയപ്പെടുന്നത്. ഈ ഇളയമ്മ മാര്‍ത്താണ്ഡവര്‍മയുടെ മുറപ്പെണ്ണ് ഉണ്ണിയാണ് എന്നൊരു കഥയുണ്ട്. ഭാഷാപോഷിണിയില്‍ ഞാന്‍ ഇതിനെക്കുറിച്ച് ഒരു പഠനമെഴുതി. അതുകണ്ട സുഗതകുമാരിയുടെ ചേച്ചി പ്രൊഫ. ഹൃദയകുമാരി എനിക്കൊരു കത്തെഴുതി. അവരുടെ കുലദൈവവും മേലാങ്കോട്ടമ്മയായിരുന്നു. കുട്ടിക്കാലത്ത് വന്നുപോയതിന്‍റെ ഒരോര്‍മ അവര്‍ക്കുണ്ടായിരുന്നു. അവരുടെ അച്ഛന്‍ ബോധേശ്വരന്‍റെ നാട് നെയ്യാറ്റിന്‍കരയ്ക്കടുത്താണ്.
കുലദൈവമെന്നാല്‍ ദൈവമല്ല. കുലത്തിലെ ഒരു മുതിര്‍ന്നയാളാവും. അമ്മയോ, മുത്തച്ഛനോ, അല്ലെങ്കില്‍ പിതൃക്കളിലാരുടെയോ ഒരടയാളമാണ്. നമ്മള്‍ വെറുമൊരു കണ്‍സ്യൂമറായി ചുരുങ്ങുമ്പോഴാണ് ഇതൊന്നും നമുക്ക് പ്രാധാന്യമില്ലാതാവുന്നത്. പാരമ്പര്യവും ചരിത്രവുമൊന്നുമില്ലെങ്കില്‍ നിങ്ങള്‍ ടയോട്ടയുടെയോ ആപ്പിളിന്‍റെയോ ഒരു ഉപഭോക്താവ് മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ എറണാകുളം വരെ നീണ്ടുകിടക്കുന്ന പലരുടെയും കുലദൈവങ്ങള്‍ കിടക്കുന്ന ഭൂമി തെക്കന്‍ തിരുവിതാംകൂറാണ്. മിക്കവാറും പേരുടെ കുലദൈവങ്ങള്‍ കുമാരകോവിലിന് ചുറ്റുമായിരിക്കും. ഇവിടുന്നാണ് പലരും മറ്റിടങ്ങളിലേക്ക് കുടിയേറിയത്. കുലദൈവങ്ങള്‍ പലരീതിയില്‍ ഉണ്ടാവുന്നു. ചിലപ്പോള്‍ യുദ്ധത്തില്‍ മരണപ്പെട്ടൊരാളിന്‍റെ ഓര്‍മ്മയ്ക്കായി നാട്ടിയൊരു കല്ലാവും. വര്‍ഷാവര്‍ഷം ആരാധനയും നടത്തും. ഗുരുതിയും പൊങ്കാലയുമൊക്കെ ഉണ്ടായെന്നിരിക്കും. അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അമ്മയായിരിക്കും. ആ ഓര്‍മയുടെ കല്ല് നാട്ടിയ മണ്ണാവും. ചിലപ്പോഴത് കാവല്‍ ദൈവങ്ങളായിരിക്കും. ചിലര്‍ക്ക് വീട്ടില്‍ വച്ചുതൊഴല്‍ ഉണ്ടാവും. തെക്കതെന്ന് ഇവിടെ പേരുവിളിക്കും. വീട് പൊളിക്കുമ്പോള്‍ തെക്കതിനെ മാറ്റിയിടും. അങ്ങനെ മലയാളി കൈയ്യൊഴിഞ്ഞ തെക്കതുകള്‍ ധാരാളമുണ്ടിവിടെ. അതിലൊട്ടുമുക്കാലും ഇപ്പോള്‍ റബ്ബര്‍ എസ്റ്റേറ്റായി മാറിയിട്ടുണ്ടാവും. തെക്കതോ യക്ഷിയോ മറ്റോ കുടിയിരുന്നാല്‍ ഭൂമിക്ക് വിലകുറയുമെന്നുള്ളതുകൊണ്ട് നേരത്തെ തന്നെ അതിനെ പൊളിച്ചുകളയും, പിന്നെ വില്‍ക്കും. സത്യത്തില്‍ ഇത് സാംസ്‌കാരികമായ ഒരു ദുരന്തമാണ്. കുലദൈവങ്ങളെയും ഗ്രാമദേവതയെയും തൊഴുതിട്ടാണ് മറ്റ് ദൈവങ്ങളെ ഇവിടുത്തുകാര്‍ പ്രാര്‍ഥിച്ചത്.
Discussion about this post