ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളെ കൂട്ടവിചാരണ ചെയ്യാനുള്ള നടപടികളുമായി ഇറാന്‍ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടെ കൂടുതല്‍ സര്‍വകലാശാലകള്‍ സമരരംഗത്തേക്ക്. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമാക്കിയ അല്‍ സഹറ വിമന്‍സ് യൂണിവേഴ്‌സിറ്റി അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠികളുടെ മോചനമാവശ്യപ്പെട്ട് കോളജുകള്‍ ബഹിഷ്‌കരിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലകളുടെ കവാടങ്ങളില്‍ സമരമാരംഭിച്ചത്. അറസ്റ്റിലായ സഹപാഠികളെ മോചിപ്പിക്കുന്നതുവരെ ക്ലാസുകളിലേക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം.
ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, അല്‍-സഹ്‌റ വിമന്‍സ് യൂണിവേഴ്‌സിറ്റി, അമീര്‍ കബീര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഷാഹിദ് ബെഹെഷ്തി സര്‍വകലാശാല എന്നിവയടക്കം തലസ്ഥാനത്തെ നിരവധി കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്‍റെ ചിത്രങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചു.
ടെഹ്‌റാന്‍റെ സമീപ നഗരങ്ങളായ യാസ്ദ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെും സമരം ശക്തമായി. വടക്ക് കിഴക്കന്‍ നഗരമായ സാനന്ദാജില്‍, കുര്‍ദിസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം വായുവില്‍ വീശി ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു. അതിനിടെ അമീര്‍ കബീര്‍ സര്‍വകലാശാലയിലെ സമരത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി സ്റ്റുഡന്റ്‌സ് യുണൈറ്റഡ് ചാനല്‍ ആരോപിച്ചു. തിങ്കളാഴ്ച ഷിറാസിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ നിന്നും മൂന്ന് പേരെയും സഹെദാനില്‍ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ എക്ബതാന്‍ ജില്ലയിലെ ഫ്‌ളാറ്റുകളിലേക്ക് സൈന്യം ഗ്രനേഡെറിഞ്ഞു. രാത്രിയില്‍ സര്‍ക്കാരിനെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ആക്രമണം. ഭാര്യമാരുടെയും കുട്ടികളുടെയും തല വേണമെങ്കില്‍ മിണ്ടാതിരിക്കണം എന്ന് സൈനികോദ്യോഗസ്ഥന്‍ ആക്രോശിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
Discussion about this post