ലുസൈല്‍: ഭൂമിയിലെ നക്ഷത്ര രാജകുമാരന്റെ പടപ്പുറപ്പാട് ഇന്ന്. ആ വിസ്മയക്കുതിപ്പിന്റെ മനോഹര കാഴ്ചകാത്ത് ലോകം. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ലയണല്‍ മെസിയുടെ അര്‍ജന്റീന കളത്തില്‍. ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ലുസൈലിലെ ഐകോണിക് സ്റ്റേഡിയത്തില്‍ പോരാട്ടം.
മുന്‍പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ രണ്ടില്‍ അര്‍ജന്റീന വിജയിച്ചു. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീനക്കാണ് സാധ്യത. 2012-ലാണ് അവസാനം ഇരുടീമുകളും കളിച്ചത്. അന്ന് ഗോള്‍രഹിത സമനില. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമത്, സൗദി അറേബ്യ 51-ാം സ്ഥാനത്ത്.
അര്‍ജന്റീനയുടെ നെടുംതൂണ് സാക്ഷാല്‍ ലയണല്‍ മെസി. ഈ താരനക്ഷത്രത്തെ പിടിച്ചുകെട്ടുന്നതിലാകും സൗദി താരങ്ങളുടെ ശ്രദ്ധ. പക്ഷെ, മെസിയില്‍ ശ്രദ്ധയൂന്നിയാല്‍ എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലൗറ്റാരോ മാര്ട്ടിന്, എയ്ഞ്ചല്‍ ഡി കൊറിയ, ലിയാന്‍ഡ്രോ പരാഡെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കളം നിറയും. മികച്ച പ്രതിരോധവും അര്‍ജന്റീനയ്ക്കുണ്ട്. ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്‍ഡി, നികോളാസ് ടാഗ്ലിയാഫികോ എന്നിവര്‍ പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ഫ്രാങ്കോ അര്‍മാനിയും എത്തും. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുകയാണ് അര്‍ജന്റീന. ആ മികവ് നിലനിര്‍ത്താനായിരിക്കും മെസ്സിയും സംഘവും ഇന്ന് ഇറങ്ങുക.
അപാരഫോമിലുള്ള അര്‍ജന്റീനക്കെതിരെ സൗദി ടീം എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫ്രഞ്ചുകാരന് ഹെര്‍വ് റെനാഡാണ പരിശീലകന്. സലേഹ് അ ഷെഹ്റി, ഫിറാസ് അല്‍ ബുറായ്കന്, എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. സല്മാന് അല്‍ ഫറാജ്, സലിം അല്‍ ഡ്വസാരി, അബ്ദുള്ള ഒടാഫി, മുഹമ്മദ് കാനോ എന്നിവരടങ്ങുന്ന മധ്യനിരയും യാസര്‍ അലി ഷഹ്റാനി,
മുഹമ്മദ് അല്ബ്രിക്, അലി അല്‍ ബുലെയ്ഹി, സുല്താന് അല്‍ ഗന്നം എന്നിവരടങ്ങുന്ന പ്രതിരോധവും കൈമെയ് മറന്ന് കളിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
Discussion about this post