രാഷ്ട്ര ജീവിതത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഈ പേര് അജ്ഞാതമായിരിക്കും. അതുപോലെ തന്നെയാകും സാധാരണ സംഘ-വിവിധ ക്ഷേത്ര പ്രവര്‍ത്തകര്‍ക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പോലൊരു ദേശീയ ബിംബത്തെ പരിചയപ്പെടുത്തേണ്ടത് തികച്ചും ഒരു ഉത്തരവാദിത്വം തന്നെ.
1925 ഏപ്രില്‍ 25 നു മഹാരാഷ്ട്രയിലെ സോലാപൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. മാതാപിതാക്കളുടെ അഞ്ചു പുത്രന്മാരില്‍ ഒരാള്‍. മെറിറ്റോടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1941 ല്‍പൂനെയിലെ എസ് പി കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തെ കുറിച്ച് പഠിച്ചു തുടങ്ങി. സമകാലീന കാലഘട്ടത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹിക ചിന്താധാരകളെ കുറിച്ച് വിശദമായി വിശകലനം ചെയ്തു മനസിലാക്കിയതിനു ശേഷം തന്റെ ആദര്‍ശവും പ്രവര്‍ത്തന പന്താവായി രാഷ്ട്രീയ സ്വയംസേവക സംഘത്തെ തെരഞ്ഞെടുത്തു. 1945 ല്‍ സംഘ പ്രചാരക് ആയി അദ്ദേഹത്തെ നിശ്ചയിച്ചു. സ്വാതന്ത്ര്യത്തിന്റെ സാഫല്യത്തിലും ഭാരത വിഭജനത്തിലും അതിനു ശേഷം 1948 ല്‍ ഉണ്ടായ സംഘ നിരോധനത്തിലും തന്റെ പ്രവൃത്തി മേഖലയില്‍ ഇരുന്നുകൊണ്ട് സ്വയംസേവകര്‍ക്ക് ആത്മ വീര്യം നല്‍കാനും, സംഘ പഥത്തെ മുന്നോട്ടു നയിക്കാനും യശ്വന്ത് റാവുജിക്ക് സാധിച്ചു. 1952 ല്‍ പ്രചാരക് ചുമതല അവസാനിപ്പിച്ച് അദ്ദേഹം പഠനത്തിലേക്ക് തിരിഞ്ഞു. 1955 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ എം എ പാസ്സായി. ഉടന്‍ തന്നെ മുംബയിലെ പ്രശസ്തമായ ബാന്ദ്ര കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് വിഭാഗം തലവനുമായി.
1956 ല്‍ യശ്വന്ത് ജി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. അതോടൊപ്പം മുംബൈയില്‍ സംഘ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിച്ചു തുടങ്ങി.
1959 ല്‍ സംഘ നിര്‍ദേശ പ്രകാരം അദ്ദേഹം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ചുമതല ഏറ്റെടുത്തു. വിദ്യാർത്ഥി പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ നിമിഷമായിരുന്നെന്നു കാലം തെളിയിച്ചു. വിദ്യാർത്ഥി പരിഷത്തിന്റെ ആശയ സംഹിതക്കും സംഘടനാ സംവിധാനത്തിനും രൂപം നല്‍കാന്‍ ഒരു പക്ഷെ കാലം നിയോഗിച്ചത് യശ്വന്ത്ജിയെ ആയിരിക്കാം. വിദ്യാർത്ഥി പരിഷത്ത് ദേശീയ സ്വഭാവത്തില്‍ എത്തിയതും യശ്വന്തിജിയുടെ പ്രവര്‍ത്തന ഘട്ടത്തിലായിരുന്നു. 1967 ല്‍ സംഘടനാ നിശ്ചയ പ്രകാരം അദ്ദേഹത്തെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു.1974 ലെ രജത ജയന്തി സമ്മേളനത്തിന് മുന്നേ അദ്ദേഹം സംഘടനയുടെ ഭാവി പ്രവര്‍ത്തന പദ്ധതിയെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി.
രജത ജയന്തി സമ്മേളനത്തിന് മുന്നേ പരിഷത്ത് രാഷ്ട്രവ്യാപിയും സുസ്ഥിരവുമായ സംഘടനാ സ്വരൂപം നേടിയിരുന്നു.
1975 ജൂണ്‍ 26 നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതിനെതിരെ വിദ്യാർത്ഥി പരിഷത്ത് സത്യാഗ്രഹ സമരം ആരംഭിച്ചു. ഡിസംബര്‍ മാസം യശ്വന്ത് ജി അറസ്റ്റ് ചെയ്യപ്പെട്ടു. മിസാ തടവുകാരനായി 19 മാസം ജയിലില്‍ കഴിഞ്ഞു. 1977 ഫെബ്രുവരിയില്‍ ജയില്‍ മോചിതനായി. വീണ്ടും പരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. 1977 – 78 കാലഘട്ടത്തില്‍ വിദ്യാർത്ഥി പരിഷത്തിന്റെ ‘ഛാത്ര ശക്തി ‘ എന്ന മാസികയുടെ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. അസുഖ ബാധിതനായെങ്കിലും പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം തെല്ലും പിന്‍ വാങ്ങിയില്ല.
1986 മുതല്‍ വിദ്യാർത്ഥി പരിഷത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവായി. ആ വര്‍ഷം മുതല്‍ തന്നെ സംഘത്തിന്റെ മഹാരാഷ്ട്ര പ്രാന്ത ബൗദ്ധിക് പ്രമുഖ് ചുമതലയില്‍ നിയോഗിക്കപ്പെട്ടു.
പക്ഷെ ഇടയ്ക്കിടെ ഉണ്ടായികൊണ്ടിരുന്ന അസുഖങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചു. എന്നിട്ടും പുതിയ ഉത്തരവാദിത്വത്തിന്റെ നിര്‍വഹണത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. 1987 ല്‍ ആരോഗ്യസ്ഥിതി വളരെ മോശമാകുകയും ഡിസംബര്‍ 7 ന് അദ്ദേഹം വിഷ്ണു പദം പ്രാപിക്കുകയും ചെയ്തു.
Discussion about this post