ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ പിറന്ന് നൂറ് വർഷം പിന്നിടുമ്പോള്‍ വിപുലമായ ആഘോഷപരിപാടികൾ ഒരുക്കി ബ്രിട്ടണിലെ അയ്യപ്പഭക്തർ . ഡിസംബർ മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹാരോ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും, ബിർമിംഗ് ഹാം ബലാജി സന്നിധിയിലെ അയ്യപ്പ നടയിലും പൂജയ്‌ക്കൊപ്പം ഹരിവരാസനവും ആലപിക്കും.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഭക്തി സാന്ദ്രമായ ഗാനം ആലപിച്ച വീരമണിയും, മുൻ ശബരിമല മേൽ ശാന്തിയും, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തിയുമായിരുന്ന ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയും വിശിഷ്ടാതിഥികളായി എത്തും. പരിപാടിയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ഇരു ക്ഷേത്രത്തിലും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഹിന്ദു ടെംപ്ൾ പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ, ലണ്ടൻ അയ്യപ്പ ടെമ്പിൾ സ്ഥാപക ട്രസ്റ്റി സുന്ദരം പിള്ള കൃപഹർ, ബാലാജി ടെമ്പിൾ ട്രസ്റ്റി ഡോ. എസ് കനകരത്നം, മിഡ്ലാൻഡ്സ് അയ്യപ്പ പൂജ സംഘാടക സമിതി തലവൻ പ്രഭ കുവെന്തിരൻ സ്വാമി എന്നിവരടങ്ങുന്ന സംഘമാണ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്കായി പ്രത്യേക പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഹാറോവിലെ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ എട്ടരയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുക. രാത്രി 9.15 വരെ പരിപാടികൾ നീണ്ടു നിൽക്കും. ശേഷം ഹരിവരാസനം പാടി ക്ഷേത്രത്തിലെ ചടങ്ങിന് സമാപനം കുറിയ്ക്കും. ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ് പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുക. ഭജനയ്ക്ക് വീരമണി നേതൃത്വം നൽകും.
നാലം തിയതിയാണ് ബാലാജി ക്ഷേത്രത്തിലെ ആഘോഷപരിപാടികൾ. ഇവിടെ രാവിലെ ഒൻപതിന് ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ തുടരും. ശേഷം ഹരിവരാസനം പാടി ആഘോഷ പരിപാടികൾ അവസാനിപ്പിക്കും. ഇരു ക്ഷേത്രങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഭക്തി ഗായകൻ അഭിഷേക് രാജുവും, ശബരിമല അയ്യപ്പ സേവാ സമാജം ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി എൻ രാജനും പ്രത്യേക അതിഥികളായി എത്തും.
എല്ലാവർഷവും അയ്യപ്പ പൂജയ്ക്ക് ഹറോവിലെയും, ബിർമിംഗ്ഹാമിലെ ക്ഷേത്രത്തിലും ഭക്തരുടെ വലിയ ഒഴുക്കാണ് കാണാൻ കഴിയുക. ഇക്കുറിയും ഇത് തുടരണമെന്ന് ഹൈന്ദവ സമൂഹത്തോട് ഹിന്ദു സമാജം പ്രതിനിധികൾ അറിയിച്ചു.
Discussion about this post