ഇസ്ലാമാബാദ്: ആഗോളവേദിയില്‍ സ്വാധീനമുറപ്പിച്ച ഇന്ത്യന്‍ നിലപാടുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനയങ്ങളെയും പ്രശംസിച്ച് പാകിസ്ഥാനിലെ മുന്‍നിര മാധ്യമം. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിദേശനയം സമര്‍ത്ഥമായി മുന്നേറുകയാണെന്നും ജിഡിപി മൂന്ന് ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് വളര്‍ന്നുവെന്നും പ്രമുഖ പാകിസ്ഥാന്‍ ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണില്‍ ഒപ്-എഡ് കോളത്തിലൂടെ പ്രതിരോധ നിരീക്ഷകനായ ഷഹ്സാദ് ചൗധരി അഭിപ്രായപ്പെട്ടു. എല്ലാ നിക്ഷേപകരുടെയും ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ സമയം കാര്‍ഷികോത്പങ്ങളുടെയും ഐടി വ്യവസായത്തിന്‍റെയും രംഗത്ത് ഇന്ത്യ നടത്തുന്നത് വലിയ കുതിച്ചുചാട്ടമാണ്. സുസ്ഥിര വികസനം നേടിയ ആഭ്യന്തര ഉത്പാദന മേഖല കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുകയും ജനാധിപത്യത്തിന്‍റെ കരുത്ത് ലോകത്തിനു മുന്നില്‍ പ്രകടമാക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഷഹസാദ് ചൗധരി ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഒരു ഭരണാധികാരിക്കും കഴിയാത്തവിധം ഇന്ത്യയെ മോദി ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റിയെന്ന് അദ്ദേഹം പംക്തിയിലെഴുതുന്നു.
കഴിഞ്ഞ നവംബറില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ വിദേശനയത്തെ സ്വതന്ത്രവും ധീരവുമെന്ന് വിശേഷിപ്പിച്ചത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനിന്നത് അതിന്റെ തെളിവാണെന്ന് ഇമ്രാന്‍ ചൂണ്ടിക്കാട്ടി.
Discussion about this post