ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി പാകിസ്ഥാന് ഇറാന്‍റെ ഭീഷണി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ 18 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണമെന്നുമാണ് താക്കീത്. വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 ഫെബ്രുവരി-മാര്‍ച്ച് വരെ പാകിസ്ഥാന് സമയം നല്‍കിയിട്ടുണ്ട്.
ഇറാന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്യാസ് ഫീല്‍ഡുകള്‍ മുതല്‍ കിഴക്ക് പാകിസ്ഥാന്‍ വരെ നീളുന്ന പൈപ്പ്‌ലൈനിന്റെ ഒരു ഭാഗം ഇറാന്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ യുഎസ് ഉപരോധത്തെത്തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല.
പീസ് പ്രോജക്ട് എന്നറിയപ്പെടുന്ന ഇറാന്‍-പാകിസ്ഥാന്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ തുടക്കത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ വഴി ഇറാന്റെ വാതകം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു പദ്ധതി. 7.5 ബില്യണ്‍ ഡോളറിന്‍റെ നിര്‍മ്മാണ പദ്ധതി, 1700 മൈല്‍ വരെ നീളുന്നതാണ്. സൗത്ത് പാര്‍സ് വാതക ഫീല്‍ഡില്‍ നിന്ന് ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വാതകം കൊണ്ടുവരാനുള്ള പദ്ധതിയില്‍ മൂന്ന് രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചെങ്കിലും, സുരക്ഷാ ഭീഷണികളും പാകിസ്ഥാന്‍ വച്ച നിബന്ധനകളും കാരണം ഇന്ത്യ കരാറില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പാകിസ്ഥാനും ഇറാനും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ 2019ല്‍ കരാറില്‍ ധാരണയായി. പദ്ധതി 2014-15ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, ഇറാനെതിരായ യുഎസ് ഉപരോധത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ വാക്ക് പാലിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.
പാക്കിസ്ഥാനിലെ ഇന്റര്‍ സ്റ്റേറ്റ് ഗ്യാസ് സിസ്റ്റവും (ഐഎസ്ജിഎസ്) നാഷണല്‍ ഇറാനിയന്‍ ഗ്യാസ് കമ്പനിയും (എന്‍ഐജിസി) ഒപ്പുവച്ച കരാര്‍ പ്രകാരം 2024-ഓടെ പാകിസ്ഥാന്‍ പദ്ധതി പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ പിഴയായി അടയ്ക്കാന്‍ തയ്യാറാകണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്കി.
Discussion about this post