മാധ്യമ പ്രവർത്തകൻ
ടി. സതീശൻ ഓർക്കുന്നു
വാണി ജയറാം ……. വിശേഷണങ്ങള്‍ വെറും ക്ലീഷേകള്‍ ആകുന്ന വാനംപാടി ……. പുകഴ്ത്തലുകള്‍ അപ്രസക്തമാകുന്ന സ്വരവാണി… “ഗുഡി”യിലെ ‘ബോലി രെ പപിഹര’ എന്ന ഒരൊറ്റ ഗാനം കൊണ്ട് ഹിന്ദി സിനിമാ രംഗത്ത് ശക്തമായ സ്ഥാനം ഉറപ്പിച്ച മധുര വാണി.
“The Sunday Indian” വീക്ക്ലിയില്‍ ജോലി ചെയ്യുന്ന കാലത്ത്, 2009ല്‍, ഈ സംഗീത പ്രതിഭയെ ഫോണ്‍ ഇന്‍റര്‍വ്യു ചെയ്യാന്‍ നിയുക്തനായത് ഓർമ്മ വരുന്നു. നേരിയ പരിഭ്രമം ഉണ്ടായിരുന്നു. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ് എന്ന തൊഴിച്ചാല്‍ സംഗീതത്തെ കുറിച്ച് സീറോ വിജ്ഞാനം എന്നതായിരുന്നു ഭയത്തിന്റെ അടിസ്ഥാനകാരണം. മുൻപ് നാല് വ്യത്യസ്ത അവസരങ്ങളില്‍ ദാസേട്ടനോടൊപ്പമിരുന്ന് ആറ് മണിക്കൂറിലധികം സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് മാത്രമായിരുന്നു ഒരു മുന്‍ പരിചയം. അന്ന് അത് സാധിച്ചതു ചില VIPകളുടെ “വാല്‍” ആയി പോകാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം എന്നത് മറ്റൊരു സത്യം.
ഏതായാലും രണ്ടും കല്‍പ്പിച്ച് ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവിശ്വനീയമായ ദയാവായ്പ്പോടെ അവര്‍ സംസാരിച്ചു. സുന്ദരമായ ഇംഗ്ലീഷ്. ധാരാളം സംസാരിച്ചു.
സംസാരത്തിനിടയില്‍ അക്കാലത്ത് സിനിമയിൽ പാടാത്തതിനെ കുറിച്ചും ചോദിച്ചു. നിര്‍ദോഷമായ മറുപടി എന്നെ അത്ഭുതപ്പെടുത്തി: “I don’t know really. No one calls. I don’t know why”.
താങ്കള്‍ അതിന്റെ കാരണം അന്വേഷിക്കാന്‍ ശ്രമിച്ചില്ലെ എന്നു ഞാന്‍ ചോദിച്ചു. ഉടനെ വന്നു മറുപടി: “Not at all. എന്നെ വിളിച്ചാല്‍ ഞാന്‍ പാടാന്‍ തയ്യാര്‍”.
ഉടനെ അവര്‍ കൂട്ടിച്ചേര്‍ത്തു: “പക്ഷേ, എനിക്കു ഒരു വിഷമമോ ദുഖമോ ഇല്ല. ഫിലിമില്‍ പാടുന്ന കാലത്തേക്കാള്‍ ഞാനിന്ന് തിരക്കിലാണ്. ഫിലീം സംഗീതമല്ലാത്ത ധാരാളം റിക്കോര്‍ഡിങ് ഉണ്ട്. ഞാന്‍ ഏറെ തിരക്കിലാണ്. ഇന്നലെ രാത്രി കോഴിക്കോട് നിന്നു റിക്കോര്‍ഡിങ് കഴിഞ്ഞു വന്നതേയുള്ളൂ”.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ മാത്രം കേട്ടു പരിചയിച്ച ഏതെങ്കിലും ഒരു ഗാനം ഫോണിലൂടെ കേള്‍ക്കണമെന്ന് കടുത്ത ആഗ്രഹം തോന്നി. പക്ഷേ, ചോദിക്കാന്‍ ധൈര്യം വന്നില്ല. എന്നാല്‍, യാതൊരു പ്രൊവോക്കേഷനും കൂടാതെ ദാ വരുന്നു ആ സ്വര്‍ഗീയ ശബ്ദം: സലീല്‍ദാ ഈണം പകര്‍ന്ന “സ്വപ്നം” എന്ന സിനിമയിലെ “ സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൌഗന്ധിക ……… സ്വപനം … സ്വപ്നം ………..”. ഞാന്‍ ഏതോ സ്വപ്ന ലോകത്തിലോ എന്ന അവസ്ഥ. വാക്കുകള്‍ തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു. അത് കഴിഞ്ഞപ്പോള്‍ അടുത്ത ഗാനം : “വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി” ( “പിക്നിക്”). ദാസേട്ടനോടൊത്തു പാടിയ ഓള്‍ ടൈം ഹിറ്റിലെ ഫീമെല്‍ പാര്‍ട്. Goosebumps എന്നൊക്കെ പറഞ്ഞാല്‍ എന്റെ അവസ്ഥയ്ക്കു നിര്‍വചനമാകുമോ എന്നറിയില്ല. ആകെ പറയാന്‍ കഴിഞ്ഞത് “താങ്ക് യൂ വെരി മച്ച്” എന്നു മാത്രം. ജീവിതത്തിലെ മറക്കാനാവാത്ത ഒരേട്.
വാണി അമ്മയുടെ ഓര്‍മ്മക്കു മുന്നില്‍ എന്നെ കണ്ണീര്‍പ്പൂക്കള്..
Discussion about this post