കോഴിക്കോട്: ചാലപ്പുറം കേസരി ഭവനിലെ സ്നേഹബോധിയുടെ അരികില്‍ നില്ക്കുമ്പോള് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ നിന്ന് 3645 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞെന്ന കാര്യം ലോബ്സാങ് ഡ്രേമ മറന്നു. ബൗദ്ധ പാരമ്പര്യത്തിലേക്ക്, ടിബറ്റ്-ചൈന തര്‍ക്കങ്ങളില്‍ പെട്ട് ദുരിതത്തിലായ നാടിന്റെ ഭൂതകാലത്തിലേക്ക്, പറഞ്ഞുകേട്ട 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തെക്കുറിച്ചെല്ലാമുള്ള ഓര്‍മകളിലേക്ക് അവര്‍ യാത്രയാവുകയായിരുന്നു.
മഹാമൗനത്തിലാണ്ട ബുദ്ധ പ്രതിമയെ നോക്കി അവര്‍ ആവേശത്തോടെ പറഞ്ഞു ‘ഞാനൊരു ബുദ്ധിസ്റ്റാണ്. എബിവിപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന യാത്രയുടെ ഭാഗമായാണ് മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, മേഘാലയ, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലെ 24 പേരുടെ വിദ്യാര്‍ത്ഥി സംഘത്തിന്റെ ഭാഗമായാണ് ലോബ്സാങ് കോഴിക്കോട്ടെത്തിയത്. രാഷ്ട്രതന്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനൊരുങ്ങുകയാണ് അരുണാചല്‍ സംസ്ഥാന ബാഡ്മിന്റണ്‍ താരമായ ഈ മിടുക്കി. കേരളം ഏറെ മനോഹരമാണ്. ഭാരതത്തിന്റെ വൈവിധ്യങ്ങള്‍ ഏകതയുടെ വിവിധ ആവിഷ്കാരങ്ങളാണെന്ന പാഠമാണ് ഈ യാത്ര നല്‍കുന്നത്. ഭാരതത്തെ അറിയാന്‍ ഈ യാത്ര ഏറെ സഹായിക്കുന്നു, അവര്‍ പറഞ്ഞു. കേരളത്തിലെ തെങ്ങും ഇളനീരുമാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് എബിവിപി അരുണാചല്‍ പ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറിയും യാത്രാ കോര്‍ഡിനേറ്ററുമായ നിബിയാങ് സമര് പറഞ്ഞു.
അച്ഛന് ഡോര്‍ജി ഫുന്സ്റ്റോ, അമ്മ സാങ്ങിയ ഡ്രേമയും അടങ്ങുന്ന കര്‍ഷക കുടുംബത്തിലെ ആറുമക്കളില്‍ ഇളയവളാണ് ലോബ്സാങ്. സഹോദരന് ഡോര്‍ജി നോര്‍ബു സൈനികനാണ്. നാല് സഹോദരിമാരുമുണ്ട് ഇവര്‍ക്ക്. ഫെബ്രുവരി രണ്ടിന് ഗുവാഹത്തിയില്‍ നിന്നാണ് 28 അംഗ സംഘം യാത്ര ആരംഭിച്ചത്. 19 ന് നാട്ടില്‍ തിരിച്ചെത്തും. വടക്കുകിഴക്കന്‍ മേഖലകളിലെ വിദ്യാര്‍ത്ഥികളെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്ശിപ്പിക്കുന്ന ദേശീയോദ്ഗ്രഥന പരിപാടിയായ സ്റ്റുഡന്റ്സ് എക്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിങ് (എസ്ഇഐഎല്‍)ന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥിസംഘം കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ വിവിധ വീടുകളിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. നഗര സന്ദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ട് ആറിന് ഗുജറാത്തി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘത്തിന് പൗരസ്വീകരണമുണ്ട്.
Discussion about this post