ബീജിങ്: അമേരിക്കന്‍ ചാരബലൂണുകള്‍ നിരവധി തവണ തങ്ങളുടെ അതിര്‍ത്തിയില്‍ പറന്നിട്ടുണ്ടെന്ന മറുപടിയുമായി ചൈന. ചൈനയുടെ ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടതിനെ സംബന്ധിച്ചാണ് ബീജിങ്ങിന്‍റെ പ്രതികരണം. ചൈനീസ് ചാര ബലൂണുകള്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പറന്നതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയാണ് പുതിയ മറുപടിയെന്ന് വിലയിരുത്തുന്നു.
കഴിഞ്ഞയാഴ്ചയാണ് ബലൂണ്‍ യുഎസ് സൈന്യം വെടിവച്ചിട്ടത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സ്‌പൈക്രാഫ്റ്റ് പറത്തിയതെന്നായിരുന്നു ബീജിങ്ങിന്റെ അവകാശവാദം. 2022 ജനുവരി മുതല്‍ അമേരിക്ക 10 ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് അയച്ചുവെന്നാണ് ഇപ്പോള്‍ ചൈന ഉന്നയിക്കുന്ന ആരോപണം. മറ്റ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ യുഎസ് അനധികൃതമായി പ്രവേശിക്കുന്നത് അസാധാരണമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കടന്നുകയറ്റങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന്, ‘ഈ സംഭവങ്ങള്‍ ഉത്തരവാദിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും കൈകാര്യം ചെയ്യാന്‍ ചൈനയ്ക്കറിയാം എന്നായിരുന്നു വാങ്ങിന്‍റെ മറുപടി.
കരുതിക്കളിക്കുന്നതാണ് ചൈനയ്ക്ക് നല്ലതെന്ന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ താക്കീത് നല്‍കിയിരുന്നു. അതിന് പിന്നാലെ സമാനമായ തരത്തില്‍ ചാരബലൂണുകള്‍ ഇന്ത്യക്കും ജപ്പാനും മുകളിലും ചൈന വിന്യസിച്ചിരുന്നു എന്ന ആരോപണവുമായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post