ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കാനും വേണ്ടി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഭാരത് ഗൗരവ്. ഇന്ത്യയിലെ സിഖ് തീർഥാടനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഐആർടിസി ഗുരു കൃപ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ അഞ്ചിനാണ് രാജ്യത്തെ പ്രധാന സിഖ് തീർഥാടന കേന്ദ്രങ്ങളിലേക്ക് ഗുരു കൃപ യാത്ര പുറപ്പെടുന്നത്. പതിനൊന്ന് പകലുകളും പത്ത് രാത്രിയും നീണ്ടുനിൽക്കുന്ന യാത്ര ഏപ്രിൽ 15-ന് അവസാനിക്കും. അമൃത്സറിലെ സുവർണ ക്ഷേത്രവും അനന്ത്പുർ സാഹിബ് ഗുരുദ്വാരയും കിരാത്പുർ സാഹിബിലെ ഗുരുദ്വാരയും ഉൾപ്പടെ പഞ്ചാബിലെ പ്രധാനപ്പെട്ട സിഖ് കേന്ദ്രങ്ങളെല്ലാം ഈ യാത്രയിൽ സന്ദർശിക്കാൻ സാധിക്കും. കൂടാതെ ഉത്തർപ്രദേശിലെ ബറേലി, ലക്‌നൗ, സിതാപൂർ, പിലിഭിത്ത് തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാവുന്നതാണ്.
ഒരു എ.സി ത്രീടയർ കോച്ചും ഒരു എ.സി ടൂടയർ കോച്ചും ഒൻപത് സ്ലീപ്പർക്ലാസ് കോച്ചുകളുമാണ് യാത്രക്കായി ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. എക്കോണമി ക്ലാസ്, സ്റ്റാൻഡേഡ്, കംഫേർട്ട് ടിക്കറ്റുകളിലായി 678 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് 24,127 രൂപയും തേഡ് എസിക്ക് 36,196 രൂപയും സെക്കന്‍റെ എസിക്ക് 48,275 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ടുപേർ ഒരുമിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ഇക്കോണമി, സ്റ്റാൻഡേഡ്, കംഫർട്ട് എന്നിവക്ക് യഥാക്രമം 19,999, 29,999, 39,999 എന്നിങ്ങനെ ടിക്കറ്റ് നിരക്ക് കുറയും. യാത്രക്കാരുടെ ഭക്ഷണം ഹോട്ടൽ താമസം, തീർഥാടക കേന്ദ്രങ്ങളിലേക്കുള്ള ബസ് യാത്ര എന്നിവ ഉൾകൊള്ളുന്നതാണ് പാക്കേജ്. www.irctctourism.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
Discussion about this post