ശ്രീനഗര്‍: ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മംഗളേശ്വര ഭൈരവക്ഷേത്രം കശ്മീരില്‍ പുനര്‍ജനിക്കുന്നു. നാശത്തിലേക്ക് നീങ്ങിയ ക്ഷേത്രത്തിന്‍റെ ശേഷിപ്പുകള്‍ക്ക് 2014ലെ വെള്ളപ്പൊക്കത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പുനരുദ്ധാരണച്ചുമതല ഏറ്റെടുത്ത കശ്മീര്‍ ഭരണകൂടം 2022 ജൂണിലാണ് നിര്‍മാണം തുടങ്ങിയത്. അടുത്ത മാസത്തോടെ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കും. 1.62 കോടിയാണ് നിര്‍മ്മാണച്ചെലവെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഐജാസ് അസദ് പറഞ്ഞു.
ക്ഷേത്രം അതിന്‍റെ പൂര്‍വമാതൃകയില്‍ത്തന്നെയാണ് പുനരുദ്ധരിക്കുന്നത്. നിര്‍മിതിയുടെ യഥാര്‍ത്ഥ രൂപം സംരക്ഷിക്കുന്നത് സംബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയുമായി കൂടിയാലോചിച്ചെന്ന് അസദ് പറഞ്ഞു. ‘ക്ഷേത്രത്തോട് ചേര്‍ന്ന് ഭക്തര്‍ പവിത്രമായി കരുതുന്ന രണ്ട് വൃക്ഷങ്ങളുണ്ട്, അവയ്ക്ക് പോലും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പുനര്‍നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്നും മുഹമ്മദ് ഐജാസ് അസദ് കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് അസദ് പറഞ്ഞു. ‘ആളുകള്‍ ഇന്നും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കണമെന്ന് ഞങ്ങളോട് പറയുന്നു… രാജ്യത്തെല്ലായിടത്തുനിന്നും ആളുകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുമെന്ന് ഭരണകൂടത്തിന് ഉറപ്പുണ്ട്, അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രഭൂമിയില്‍ കയ്യേറ്റമൊന്നും ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്‍റെ മുഴുവന്‍ ഭൂമിയും വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അല്‍താഫ് ഹുസൈന്‍ ഷായ്ക്കാണ് നിര്‍മാണച്ചുമതല.
Discussion about this post