ഭോപാല്‍: വിഭജനം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അത് അബദ്ധമാണെന്ന് പാകിസ്ഥാനിലെ ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തെറ്റ് പറ്റിയെന്ന് എല്ലാവരും കരുതുന്നു. ആ തെറ്റ് കാരണം ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍. ഇന്ന് സങ്കടത്തിലാണ്. തെറ്റാണെങ്കില്‍ അത് തിരുത്തുന്നതില്‍ എന്തിനാണ് നാണക്കേട്. അതുകൊണ്ട് തിരുത്തലിന് രാജ്യം തയാറെടുക്കണം. നമ്മള്‍ സാംസ്‌കാരികമായി ഒന്നാണ്, അതുകൊണ്ടുതന്നെ അക്രമികളല്ലെന്ന ഉറച്ച ബോധ്യത്തില്‍ ആ തെറ്റ് തിരുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞു. വീരബലിദാനി ഹേമു കലാനിയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതമാതാവിനെ ഉപാസനാദേവതയാക്കിയ മാര്‍ക്കണ്‌ഡേയനാണ് ഹേമുകലാനിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. സഹപ്രവര്‍ത്തകരെ ചൂണ്ടിക്കാട്ടിയാല്‍ ജീവന്‍ വിട്ടുതരാമെന്ന വിദേശ ഭരണാധികാരികളുടെ ഭീഷണിയെ അചഞ്ചലത കൊണ്ടാണ് ആ പത്തൊമ്പതുകാരന്‍ നേരിട്ടത്. ധീരത നിറഞ്ഞ പത്തൊമ്പത് വര്‍ഷത്തെ ആ ജീവിതം കാലങ്ങളെ പ്രചോദിപ്പിക്കും, അദ്ദേഹം പറഞ്ഞു.
സിന്ധ് ദേശവും സിന്ധി സമാജവും ഭാരത സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ ധീരന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. സ്വരാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അവര്‍ ജീവിച്ചത്. രാജ്യത്തിന്റെ ഭരണ സംവിധാനത്തിന്റെ ദിശയും ആശയവും ജനതയുടെ സ്വഭാവവും സംസ്‌കാരവുമായി പൊരുത്തപ്പെടണം. ആ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഹേമു കലാനി ജീവന്‍ ബലിയര്‍പ്പിച്ചത്. നാം ജിവിക്കട്ടെ, മരിക്കട്ടെ, രാഷ്ട്രം സ്വതന്ത്രമാകണം, ഭാരതം ഭാരതമായി നിലനില്‍ക്കണം എന്നതായിരുന്നു ആദര്‍ശം. ഹേമുവിന്‍റെ ആദര്‍ശമാണ് സിന്ധി സമാജം പിന്തുടര്‍ന്നത്. വിഭജനകാലത്ത് രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍, ധീരരായ നിങ്ങള്‍ ഭാരതം തെരഞ്ഞെടുത്തു. ഈ നാട്ടില്‍ പിറന്നവര്‍, ഈ നാടിന്റെ സംസ്‌കാരം വിട്ട് എങ്ങോട്ട് പോകാനാണ്?
പ്രപഞ്ചത്തില്‍ മറ്റൊന്നും ഇല്ലാതിരുന്നപ്പോള്‍ നമ്മുടെ സനാതന സംസ്‌കാരത്തിന്റെ സ്വാധീനം ലോകമെമ്പാടും ഉണ്ടായിരുന്നു. ഇവിടെ ഇന്ത്യ ഉണ്ടായിരുന്നു, സിന്ധു സംസ്‌കാരം ഉണ്ടായിരുന്നു. വേദമന്ത്രങ്ങളുണ്ടായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെ ത്യാഗമൂല്യങ്ങളുള്ള ജീവിതമാണ് ലോകത്തെ മുന്നോട്ട് നയിച്ചത്. മഹാഭാരതത്തിലും രാമായണത്തിലും സിന്ധിനെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജാവിനെ കുറിച്ചും പ്രജകളെ കുറിച്ചും വിവരണമുണ്ട്. സിന്ധുനദിയെ വര്‍ണിച്ചിട്ടുണ്ട്. ആ സിന്ധുവിനെ ഭാരതത്തിന് മറക്കാനാകില്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സിന്ധി സമാജത്തിന്‍റെ ആവശ്യപ്രകാരം രാജാ ദാഹിര്‍, ഹേമു കലാനി, ഭഗത് റാം കന്‍വാര്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. സിന്ധു ദര്‍ശന്‍ പദ്ധതി പ്രകാരം ഓരോ തീര്‍ഥാടകനും 25,000 രൂപ ഗ്രാന്റ് നല്‍കും. സിന്ധി സാഹിത്യ അക്കാദമിയുടെ ബജറ്റും അഞ്ച് കോടിയായി ഉയര്‍ത്തും. ഹേമു കലാനിയുടെ പ്രതിമ മനുഭനില്‍ സ്ഥാപിക്കും. സിന്ധി സംസ്‌കാരം, മഹാന്മാരുടെയും വിപ്ലവകാരികളുടെയും ജീവിതകഥകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു മ്യൂസിയവും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാമണ്ഡലേശ്വര്‍ മഹന്ത് സ്വാമി ഹന്‍സ്റാം, സിന്ധു മഹാസഭ അംഗം പ്രഹ്ലാദ് സബ്നാനി, പദ്മശ്രീ ഡോ. സുരേഷ് അദ്വാനി, ടെക് മഹീന്ദ്ര സിഇഒ സി.പി. ഗുര്‍നാനി, വ്യവസായി മനോഹര്‍ ഫെര്‍വാനി, പോളിക്യാബ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഇന്ദര്‍ ജയ്സിംഗാനി, രാം ബക്ഷാനി ദുബായ്, ഗായകന്‍ ചന്ദര്‍, ചലച്ചിത്ര സംവിധായകന്‍ സത്രം രമണി, എഴുത്തുകാരായ ഡോ. രാം ജവാലാനി, മഹേഷ് എന്നിവരും പങ്കെടുത്തു.
Discussion about this post