ഏതാഴത്തിലെ ഭുജശാഖയിൽ നിന്നും ആശാൻ നിത്യമെന്നോണം വായനയുടെ ആകാശത്തിലേക്ക് ഉയർന്നു വന്നു കൊണ്ടേയിരിക്കുന്നു …..
1967 മാർച്ചിൽ ശാരദാ ബുക്ക് ഡിപ്പോയുടെ പ്രസാധനത്തിൽ , കോട്ടയം ഇൻഡ്യാ പ്രസ്സിൽ അച്ചടിച്ച , അന്ന് മുത്തശ്ശൻ വാങ്ങിയ , 56 കൊല്ലം പഴക്കമുള്ള മൂന്ന് ഭാഗങ്ങളായുള്ള കുമാരനാശാന്റെ പദ്യകൃതികൾ ആണ് ഇപ്പോൾ എന്റെ കൈവശം ഉള്ളത്…. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികം ഇന്നലെ കേരളം മുഴുവൻ വിവിധ പരിപാടികളോടെ കൊണ്ടാടിയപ്പോൾ ആ പുസ്തകങ്ങൾ വീണ്ടും കുറേ ഓർമ്മകൾ കൊണ്ടു വന്നു. മുത്തശ്ശനും , അമ്മയും കീറിയ പുസ്തകങ്ങൾ , വലകൾ, കുട്ട, വട്ടി, മുറം ഒക്കെ തുന്നുന്നതിൽ അതീവ സന്തോഷം ഉള്ളവരായിരുന്നു . അങ്ങനെ അമ്മ ഇളകിപ്പോകാതെ കുത്തിക്കെട്ടി ഉടുപ്പിടുവിച്ച് സംരക്ഷിച്ച ആശാന്റെ ഹൃദയം ആണ് ഈ പ്രിയപ്പെട്ട പുസ്തകങ്ങൾ.
എന്നു മുതലാണ് ആശാനെ വായിക്കാൻ തുടങ്ങിയത്.. ഓർമ്മയില്ല… തീർച്ചയായും പത്താംക്ലാസ്സ് കഴിഞ്ഞ് ആയിരിക്കണം…പത്താംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ ലീലയും മദനനും ഒടുവിൽ കണ്ടു മുട്ടുന്ന വികാരനിർഭരമായ സന്ദർഭം , മാംസനിബദ്ധമല്ല രാഗം ” എന്ന പേരിൽ പഠിക്കാനുണ്ടായിരുന്നു . പ്രകൃതിയും മൃഗങ്ങളും പക്ഷികളും അനുരാഗികളും ഒക്കെ ചേരുന്ന പ്രണയത്തിന്റെ മനോഹരമായ ആ landscape ൽ കാലുറപ്പിച്ചാണ് ആശാനെ ആദ്യമായി ഉറ്റുനോക്കാൻ ശ്രമിച്ചത്…
എന്നിട്ടും ഖണ്ഡകാവ്യങ്ങളും ഒറ്റക്കവിതകളും സൗന്ദര്യലഹരി വിവർത്തനവും വിചിത്ര വിജയവുമല്ലാതെ മറ്റൊന്നും വായിച്ചു തീർക്കാൻ കഴിഞ്ഞില്ല…. സ്തോത്രകൃതികളിൽ സുബ്രഹ്മണ്യകീർത്തനം മാത്രമാണ് പക്ഷപാതിയായ ഈ ഹരിപ്പാട്കാരി വായിച്ചത്… അങ്ങനെ ഒരിക്കലും പൂർത്തിയാവാത്ത ശിവക്ഷേത്ര ക്ലോക്ക്വൈസ് ആന്റിക്ലോക്ക്വൈസ് പ്രദക്ഷിണം പോലെ എന്നും ആശാൻവായന പൂർണ്ണമാവാതെ തുടർന്നു .
ആശാന്റെ പ്രണയസങ്കല്പം എന്നും ഉദാത്തമായിരുന്നു… എന്റെ വായനയിൽ അത് മനുഷ്യർക്ക് സാധിക്കാത്തതും ആവശ്യമില്ലാത്തതും ആയിരുന്നു… പക്ഷേ സ്നേഹനിധിയും കർക്കശനുമായ അച്ഛനെ ഒരിക്കലും പിരിഞ്ഞു പോകാൻ കഴിയാത്ത മകളേപ്പോലെ ഞാൻ എന്നും ആശാനിൽത്തന്നെ പുതഞ്ഞു കിടന്നു… ഒരേ സമയം അതിൽ ആനന്ദിക്കുകയും ആകുലയാവുകയും ചെയ്തു . ആശാന്റെ കവിതയിൽ നിന്ന് ചിതറിയ വരികൾ പാഥേയവും പാനീയവുമായി നുകർന്നാണ് , ആ വരികൾ വിളക്കായും ഊന്നുവടിയായും പിടിച്ചാണ് ഞാൻ ഏതിരുട്ടിലും എന്റെ പ്രേമത്തിന്റെ മരുഭൂമി താണ്ടിക്കൊണ്ടിരുന്നത് .
1 . സ്ഫുട താരകൾ കൂരിരുട്ടിലു
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വന്നിടയാ
മേതു മഹാവിപത്തിലും
എന്ന ആത്മവിശ്വാസം
2 .” എന്റെയേകധനമങ്ങു ജീവന
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെയീശ, ദൃഢമീപ്പദാമ്ബുജ
ത്തിന്റെ സീമ , അതു പോകിലില്ല ഞാൻ “
എന്ന സ്നേഹത്തിന്റെ ഉറപ്പ് ,
3 .കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം
എന്ന ധർമ്മ സങ്കടം ,
4 .ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ
വന്നു പോം പിഴയുമർത്ഥശങ്കയാൽ
എന്ന ആകുലത
5 . അഥവാ ക്ഷമ പോലെ നന്മ ചെയ്
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥ പോലറിവോതിടുന്ന സദ്
ഗുരുവും മർത്യനു വേറെയില്ല താൻ
എന്ന തിരിച്ചറിവ്
- പരിണാമി മനുഷ്യജീവിതം സ്ഥിരമമാം സ്നേഹമനാഥമൂഴിയിൽ
എന്ന സങ്കടം
- അന്തിമമാം മണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ
ഗന്ധവാഹനെ? രഹസ്യമാർക്കറിയാവൂ
എന്ന നിഗൂഢാനന്ദം , ഒക്കെ എനിക്കു തന്നത് കുമാരനാശാൻ ആണ് .
നല്ല വിവർത്തനങ്ങൾ മൂലഭാഷ അറിയില്ല എന്ന സങ്കടത്തെ പലപ്പോഴും പരിഹരിച്ചു തന്നിട്ടുണ്ട് .ചിലതു വായിക്കുമ്പോൾ ഏയ് , മൂലം എങ്ങനെ ഇതിലും നല്ലതാവാൻ ? എന്നൊക്കെ തോന്നിക്കളയും.... അജ്ഞതയിൽ നിന്നുള്ള blind ആയ ചില തോന്നലുകൾ ആവാം അത്... പക്ഷേ അത്തരം അജ്ഞതയും അന്ധതയുമാണ് എന്റെ വായനയുടെ ഇത്തിരിവട്ടത്തെ പലപ്പോഴും അനുപമവും സുന്ദരവും ആക്കുന്നത്...ആശാന്റെ സൗന്ദര്യലഹരിയുടെ വിവർത്തനം അങ്ങനെ തോന്നിപ്പിച്ച ഒന്നാണ്.... ഭാഷയുടെ സൗന്ദര്യം ഏതോ ഹിമശ്റ്ങ് ഗങ്ങളിൽ നിന്നിറങ്ങി വന്ന് ജടരൂപികളായി കിടക്കുന്ന ഓരോ കോശങ്ങളേയും ഉണർത്തി നൃത്തം ചെയ്യിക്കുന്ന അനുഭവം സൗന്ദര്യലഹരി വായിക്കുമ്പോൾ ഉണ്ടാകുന്നു..
” ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ
ഞ്ചാണു, വണ്ടാണു ഞാണും
തെക്കൻ കാറ്റാണു തേരും , സുരഭിസമയമൊ
ന്നാണു കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിൻ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗൻ ഭൂവനമഖിലവും നിന്നു വെല്ലുന്നുവല്ലോ “
എന്നു വായിക്കുമ്പോൾ സത്യമായും എനിക്ക് മൂലം വായിക്കണം എന്നു തോന്നിയിട്ടേയില്ല.
റിട്ടയർമെന്റിനും മരണത്തിനുമിടയ്ക്കുള്ള കഷ്ടി ഒന്നര ദശാബ്ദത്തിലെ കുസൃതിത്തോന്നലിൽ അമ്മ അക്ഷരശ്ലോകം പഠിച്ചു തുടങ്ങി....യാന്ത്രികമായ ശ്ലോകപഠനമല്ല ഇഷ്ട കവിതകളുടെ പുനർവായനയായിരുന്നു അമ്മയ്ക്ക് അത്.... വായിച്ചും സ്വയം ചൊല്ലിയാസ്വദിച്ചും പഠിച്ച ആ ചെറിയ കാലയളവിൽ അമ്മ പ്രരോദനവും സൗന്ദര്യലഹരിയും ഒക്കെ കാണാപ്പാഠം പഠിച്ചു...ഐ സിയുവിലെ അവസാന ദിവസം , അമ്മ ഒരിക്കലും മരിക്കില്ല എന്ന ഉറപ്പോടെ , സർജറി കഴിഞ്ഞ് വേഗം നമുക്ക് തൃശൂർക്കു പോകാം... ചെന്നിട്ട് വൈറസ് കാണണം (എല്ലാ films ഉം ഉടനടി കാണുക എന്നത് ഞങ്ങളുടെ ദുഃശീലമായിരുന്നു ) എന്നൊക്കെ പറഞ്ഞു നിന്ന എനിക്ക് , അമ്മ പ്രരോദനത്തിലെ അവസാന ശ്ലോകം ചൊല്ലിത്തന്നു .
” ആകാശങ്ങളെയണ്ഡരാശികളൊടും
ഭക്ഷിക്കുമാകാശമാ
യീ കാണുന്ന സഹസ്രരശ്മിയെയിരു
ട്ടാക്കും പ്രഭാസാരമായ് ,
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
ദുഃഖീകരിക്കുന്നതാ
മേകാന്താദ്വയശാന്തിഭൂവിനു നമ
സ്കാരം , നമസ്കാരമേ “
പിന്നെ അമ്മയെ ഞാൻ അന്തമില്ലാത്തൊരാഴത്തിലേക്ക് താഴ്ന്നു താഴ്ന്നു പോകുന്ന അവസാനനിമിഷത്തിലാണ് കണ്ടത്
ഇങ്ങനെ ജീവിതവുമായി ബന്ധിപ്പിക്കാവുന്ന അനേകമനേകം കാര്യങ്ങൾ കവിത കൊണ്ടു സംഭവിച്ചിട്ടുള്ളതിനാലാണ് എനിക്ക് പലപ്പോഴും കവിതയും ജീവിതവുമായി വേർതിരിക്കാൻ കഴിയാതെ പോകുന്നത് …അതുകൊണ്ടാണ് ആശാനെ മുഴുവൻ വായിക്കാത്ത ഒരാൾ ആയിട്ടു പോലും , എനിക്ക് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ആശാൻചിത്രം അപൂർണ്ണമായി തോന്നിയത്…. അതുകൊണ്ടാണ് ആശാന്റെ പല വരികൾ വായിക്കുമ്പോഴും ജിയുടെ ശിവതാണ്ഡവത്തിലെ , ” തൂനിലാവിൻ ഭസ്മമുതിർന്നുതിർന്നു വീഴുകയാണെൻ മുഗ്ദ്ധജീവനിൽ ” എന്ന അനുഭൂതിയും നിർവൃതിയുംഎനിക്ക് അനുഭവപ്പെടുന്നത്…അതുകൊണ്ടാണ് ഏതാഴത്തിലെ ഭുജശാഖയിൽ നിന്നും ആശാൻ നിത്യമെന്നോണം വായനയുടെ ആകാശത്തിലേക്ക് ഉയർന്നു വന്നു കൊണ്ടേയിരിക്കുന്നത്
ലോപാമുദ്ര
Discussion about this post