ന്യൂഡൽഹി: സത്യം മറച്ചു വെക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് സംഖ്യക്ക് പിന്നാലെ പോകുന്നതെന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെൻ. സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി കാണാൻ ശ്രമിക്കും. കേരളത്തിൽ 100 തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും സുദിപ്തോ സെൻ പറഞ്ഞു. ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണെന്നും സുദിപ്തോ സെൻ വ്യക്തമാക്കി.
സത്യം മറച്ചുവെക്കാൻ പലരും ശ്രമിക്കുന്നുണ്ട്. നിഷ്കളങ്കരായ പെൺകുട്ടികളുടെ കഥ മറച്ചുവെക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ കുറ്റകൃത്യം ചെയ്തവരിൽ പെടുന്നവരാണ്. 32000 ഒരു കൃത്യമായ കണക്ക് അല്ല. വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ സർക്കാരും പോലീസും പൂർണമായ കണക്ക് നൽകിയിട്ടില്ലെന്നും സുദിപ്തോ സെൻ കൂട്ടിച്ചേർത്തു.
സിനിമയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അദാ ശർമ്മ രംഗത്ത് എത്തിയിരുന്നു. രണ്ട് മിനിറ്റ് നീളമുള്ള ട്രെയിലർ മാത്രം കണ്ട് കേരളാ സ്റ്റോറി സിനിമയെ വിമർശിക്കരുതെന്നും കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും തന്നെ ചിത്രീകരിച്ചിട്ടില്ലെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകുമെന്നും അദാ ശർമ്മ വ്യക്തമാക്കിയിരുന്നു. കേരളാ സ്റ്റോറി സംസാരിക്കുന്നത് ഭീകരതയും മനുഷ്യത്വവുമാണ്. ഈ ചിത്രത്തെ പ്രൊപ്പഗണ്ട എന്ന് വിളിക്കുന്നതിലൂടെ ജീവിതം തകർന്ന് തരിപ്പണമായ സ്ത്രീകളുടെ കഥയാണ് അവിടെ കുഴിച്ചുമൂടപ്പെടുന്നതെന്നും അദാ ശർമ്മ കൂട്ടിച്ചേർത്തു.
Discussion about this post