കറാച്ചി: വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തി മുന്‍ പാക് പ്രധാനമന്ത്രിയുടെ ചെറുമകള്‍. മുന്‍ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോയാണ് പാകിസ്ഥാനില്‍ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചത്.
കറാച്ചിയിലെ പുരാതനമായ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഫാത്തിമയും ഭര്‍ത്താവ് അമേരിക്കന്‍ പൗരനായ ഗ്രഹാം ജിബ്രാനും ആചാരപരമായ പാലഭിഷേകവും നടത്തിയാണ് മടങ്ങിയത്. ആക്ടിവിസ്റ്റ് കൂടിയായ ഫാത്തിമയുടെ നടപടി പാകിസ്ഥാനില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. സോഷ്യല്‍മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച് പ്രമുഖര്‍ രംഗത്തെത്തി.
കൊല്ലപ്പെട്ട പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹോദരനായ മുര്‍താസ ഭൂട്ടോയുടെ മകളാണ് നാല്പതുകാരിയായ ഫാത്തിമ. ഇവരുടെ നിക്കാഹ് കഴിഞ്ഞ ദിവസമാണ് നടന്നത്. സിന്ധ് ജനതയ്ക്ക് വേരുകളുള്ള കറാച്ചിയുടെ പൈതൃകം വിളിച്ചുപറയുന്നതാണ് ഫാത്തിമയും ഭര്‍ത്താവും ദര്‍ശനം നടത്തിയ പുരാതനമായ മഹാദേവ ക്ഷേത്രം. ഫാത്തിമയും ജിബ്രാനുമൊപ്പം ഫാത്തിമയുടെ സഹോദരന്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ജൂനിയറും പ്രദേശത്തെ ഹിന്ദു നേതാക്കളും ഉണ്ടായിരുന്നു.
Discussion about this post