ഗാന്ധിനഗര്‍ (ഗുജറാത്ത്): ദേശീയ വിദ്യാഭ്യാസനയം കാലത്തിന്‍റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതും ഇതേ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതില്‍ രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ സംഭാവനയുണ്ട്. കഴിഞ്ഞ കാലയളവുകളില്‍ ഞാന്‍ നടത്തിയ യാത്രകളിലുടനീളം അധ്യാപകരുമായി നടത്തിയ ആശയവിനിമയം ദേശീയ തലത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്.
‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറുകയാണ്. നയം മാത്രമല്ല അധ്യാപകരും കുട്ടികളും മാറുകയാണ്. മാറ്റത്തിന്റെ ഈ കാലഘട്ടത്തില്‍, നമ്മള്‍ എങ്ങനെ മുന്നോട്ട് പോകും എന്നത് പ്രധാനമാണ്. അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും പല തവണ പല വിധത്തില്‍ ആശയവിനിമയം നടത്തി. അതിന്‍റെയെല്ലാം ഫലമാണ് ദേശീയ വിദ്യാഭ്യാസനയം, പ്രധാനമന്ത്രി പറഞ്ഞു.
ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി 4400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു.
Discussion about this post