ഉദയ്പൂര്‍(രാജസ്ഥാന്‍): ഹല്‍ദിഘട്ടി യുദ്ധദിനമായ ജൂണ്‍ 18ന് ഒരു ലക്ഷം വനവാസികള്‍ അണിനിരക്കുന്ന ജനജാതി ഹുങ്കാര്‍ റാലിക്ക് ഉദയ്പൂര്‍ വേദിയാകും. ഗോത്രസമൂഹങ്ങളില്‍ നിന്ന് മതം മാറി പോയവരെ പട്ടികവര്‍ഗപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന ജനജാതി പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹുങ്കാര്‍ റാലിയെന്ന് ജനജാതി സുരക്ഷാ മഞ്ച് സംസ്ഥാന കണ്‍വീനര്‍ നാരായണ്‍ ഗമേതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹുങ്കാര്‍ റാലിയുടെ വിളംബരപത്രം പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം.
ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള കൊത്ര, ശാരദ, ദുംഗര്‍പൂര്‍, ബന്‍സ്വാര തുടങ്ങിയ പ്രദേശങ്ങളില്‍ റാലി സംബന്ധിച്ച പ്രചാരണവും ബോധവത്കരണവും ഊര്‍ജിതമാണ്. ഉദയ്പൂരിലേക്കെത്തുന്ന മുഴുവന്‍ പേര്‍ക്കുമുള്ള ഭക്ഷണപ്പൊതികള്‍ നഗരത്തിലെ വീടുകളില്‍ നിന്ന് എത്തിക്കും. പ്രക്ഷോഭം വനവാസി ജനതയുടെ തനിമ സംരക്ഷിക്കാനും പിറന്ന ഗോത്രത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള അവകാശത്തിനും വേണ്ടിയാണെന്ന് ഗമേതി പറഞ്ഞു. യഥാര്‍ത്ഥ വനവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പോരാടുമ്പോള്‍ മതം മാറുന്നവര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭ റാലി വനവാസികളുടെ പരമ്പരാഗത വേഷവിധാനങ്ങളും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെയാകും. ഉദയ്പൂര്‍ സന്ത് സമാജും മാതൃശക്തിയും റാലിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. റാലിക്ക് മുന്നോടിയായി രാജസ്ഥാനിലെ 5500 വനവാസി ഗ്രാമങ്ങളില്‍ സമ്പര്‍ക്കം നടത്തി, 14 ജില്ലകളിലും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്ന് ഗമേതി അറിയിച്ചു.
Discussion about this post