ഹിരോഷിമ: ലോകത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയുമൊക്കെ വെറും പ്രസംഗവേദികളോ സംവാദസഭകളോ മാത്രമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിരോഷിമയില്‍ ജി 7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ മോദി ആഞ്ഞടിച്ചത്.
ലോകത്തിന്‍റെ വെല്ലുവിളികളെ നേരിടാന്‍ രൂപീകരിച്ചതാണ് ഐക്യരാഷ്ട്ര സഭ. എന്നിട്ടും സമാധാനവും സുസ്ഥിരതയും സംബന്ധിച്ച വിഷയങ്ങളില്‍ വിവിധ ഫോറങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇത് വിശകലനം ചെയ്യേണ്ട കാര്യമാണ്, സമാധാനത്തെക്കുറിച്ചും സ്ഥിരതയെക്കുറിച്ചും വ്യത്യസ്ത വേദികളില്‍ എന്തിനാണ് സംസാരിക്കുന്നത്. സമാധാനം സ്ഥാപിക്കാന്‍ ആരംഭിച്ച യുഎന്‍ എന്തുകൊണ്ട് സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ വിജയിക്കുന്നില്ല? മോദി ചോദിച്ചു.
തീവ്രവാദത്തിന്‍റെ നിര്‍വചനം പോലും യുഎന്‍ അംഗീകരിക്കാത്തതെന്തുകൊണ്ടാണ്? ആത്മപരിശോധന നടത്തിയാല്‍, ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ സൃഷ്ടിച്ച ഇത്തരം പ്രസ്ഥാനങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വ്യവസ്ഥിതിക്ക് തീരെ യോജിച്ചതല്ല. ഐക്യരാഷ്ട്രസഭയ്ക്ക് ലോകത്തിന്‍റെ നിലവിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ യുഎന്‍ പരിഷ്‌കരിക്കണം. സമാധാനം നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അവര്‍ സംഘര്‍ഷമേഖലകളെക്കുറിച്ച് സംസാരിക്കണം, മോദി പറഞ്ഞു. ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള ശബ്ദം ഐക്യരാഷ്ട്രസഭയിലുണ്ടാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
Discussion about this post